ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഇനി പോരാട്ടത്തിന്‍റെ നാളുകൾ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഭരണം നിലനിർത്താൻ എ എ പിയും പിടിക്കാൻ ബി ജെ പിയും ഇക്കുറി അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ പതിവിലും നേരത്തെ തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് വർധിച്ചിട്ടുണ്ട്. മോദി-കെജ്രിവാൾ നേർക്കുനേർ പോരാട്ടമായാണ് തിരഞ്ഞെടുപ്പിനെ പലരും വിലയിരുത്തുന്നത്.
ജനുവരി 17 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആയിരിക്കും. ജനുവരി 10ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. 70 മണ്ഡലങ്ങള്‍ വിധിയെഴുതും.ഇ വി എമ്മില്‍ അട്ടിമറി നടത്താനാവില്ലെന്നും അങ്ങനെ നടന്നതായി ഇതുവരെ തെളിവില്ലെന്നും ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാജീവ് കുമാര്‍. പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന പരാതി ഉത്തരവാദിത്തമില്ലാത്തതും തെറ്റിദ്ധാരണാജനകവുമാണ്. കള്ളപ്രചാരണം ജനങ്ങളെ ആശങ്കയിലാഴ്ത്തും.
ഇ വി എം ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ല. എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു.ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍, അടിസ്ഥാനരഹിതമായ പ്രചാരണം ശരിയല്ല. ഇ വി എം അട്ടിമറി അടക്കമുള്ള ആരോപണങ്ങള്‍ വോട്ടെണ്ണലിന്റെ വേഗം കുറച്ചു. തിരഞ്ഞെടുപ്പുകള്‍ എല്ലാം സുതാര്യമാണ്. ഇ വി എം വോട്ടെടുപ്പിന് മുമ്പും ശേഷവും പരിശോധിക്കാറുണ്ട്. വോട്ടര്‍ പട്ടിക സുതാര്യമായാണ് തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുണ്ട്. വോട്ടര്‍മാരെ ചേര്‍ത്തുന്നതും ഒഴിവാക്കുന്നതും ചട്ടങ്ങള്‍ക്ക് അനുസൃതമായാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.