
ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ എക്സിറ്റ് പോളുകളും പുറത്ത്. 27 വർഷങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നതാണ് ഏറെക്കുറെ എല്ലാ സർവെ ഫലങ്ങളും. ആകെയുള്ള പത്തിൽ എട്ട് ഏജൻസികളുടെ എക്സിറ്റ് പോളുകളിലും ഡൽഹിയിൽ ‘താമര’ വിരിയുമെന്നാണ് പ്രവചനം. എ എ പി തകർന്നടിയുമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ചില പ്രവചനങ്ങൾ പറയുന്നുണ്ട്.
പീപ്പിൾ പൾസ് എന്ന ഏജൻസി ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. മേട്രിസ് പോൾ എക്സിറ്റ് പോൾ സർവ്വേയും ബിജെപിക്ക് അനുകൂലമാണ്. ബിജെപി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ ആംആദ്മി 32 മുതൽ 37 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് ഒരു സീറ്റ് നേടുമെന്നും പറയുന്നു. ജെവിസി എക്സിറ്റ് പോൾ പ്രകാരം ബിജെപി 39 മുതൽ 45 വരേയും എഎപി 22മുതൽ 31 വരേയും കോൺഗ്രസ് രണ്ടും മറ്റു പാർട്ടികൾ ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾ ഇൻസൈറ്റും ബിജെപിക്ക് അനുകൂലമായ കണക്കുകളാണ് പുറത്തുവിടുന്നത്. ബിജെപി 44ഉം, എഎപി 29 സീറ്റും, കോൺഗ്രസ് 2 സീറ്റും നേടുമെന്ന് പറയുന്നു. പി മാർഖ് എക്സിറ്റ് പോൾ പ്രകാരം ബിജെപി 39 മുതൽ 49 വരേയും എഎപി 21 മുതൽ 31 വരേയും നേടും. പോൾ ഡയറി സർവ്വേയിൽ ബിജെപി- 42-50, എഎപി- 18-25, കോൺഗ്രസ് 0-2, മറ്റു പാർട്ടികൾ 0-1-ഇങ്ങനെയാണ് കണക്കുകൾ. ന്യൂസ് 24 ഹിന്ദി സർവ്വേ പ്രകാരം എഎപി 32 മുതൽ 37 വരേയും ബിജെപി 35 മുതൽ 40 വരേയും കോൺഗ്രസ് 0-1 സീറ്റും നേടുമെന്നും പ്രവചിക്കുന്നു. വീപ്രസൈഡ് സർവ്വേ പ്രകാരം ദില്ലി ആംആദ്മി നിലനിർത്തുമെന്നാണ് സൂചിപ്പിക്കുന്നത്. എഎപി 52 സീറ്റും, ബിജെപി 23സീറ്റും, കോൺഗ്രസ് ഒരു സീറ്റും നേടുമെന്നാണ് അവരുടെ കണക്കുകൾ പറയുന്നത്.