
കാഠ്മണ്ഡു: നേപ്പാളിൽ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്‌ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ അറസ്റ്റിലായത് ഇന്ത്യക്കാരൻ. കമലേഷ് കുമാർ എന്നയാളാണ് പിടിയിലായത്. ബലൂണിൽ ഹൈഡ്രജൻ വാതകം നിറച്ചത് കമലേഷാണ്. പൊഖാറയിൽ ശനിയാഴ്ച ഒരു ടൂറിസം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് അപകടം ഉണ്ടായത്.
ഇലക്ട്രിക് സ്വിച്ചിലൂടെ മെഴുകുതിരികൾ കത്തിച്ചതിന് പിന്നാലെയാണ് ബലൂണുകൾ പൊട്ടിത്തെറിച്ചത്. മെഴുകുതിരിയിൽ നിന്ന് ബലൂണുകളിലേക്ക് തീപടരുകയായിരുന്നു. പൗഡലിന് പുറമേ പൊഖാറ മേയർ ധൻരാജ് ആചാര്യയ്ക്കും പരുക്കേറ്റിരുന്നു. ഇരുവരുടെയും മുഖത്തും കൈയിലും പൊള്ളലേറ്റിരുന്നു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല.