ടെഹ്റാൻ: ഉത്തരകൊറിയ കൈമാറിയ രൂപകൽപ്പനകളുടെ അടിസ്ഥാനത്തിൽ ആണവ മിസൈലുകൾ ഇറാൻ രഹസ്യമായി വികസിപ്പിക്കുന്നതായി റിപ്പോർട്ട്. നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ (എൻസിആർഐ) പുറത്തിറക്കിയ യൂറോപ്പിലെത്താൻ ശേഷിയുള്ള ആണവ മിസൈലുകളാണ് ഇറാൻ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉപഗ്രഹ വിക്ഷേപണമെന്ന പേരിൽ രണ്ട് സ്ഥലങ്ങളിലാണ് ആയുധങ്ങൾ നിർമ്മിക്കുന്നത്.
യൂറോപ്പിനെ ലക്ഷ്യം വയ്ക്കാൻ സാധ്യതയുള്ളതിനാൽ 3,000 കിലോമീറ്ററിൽ (1,800) മൈലിൽ കൂടുതൽ സഞ്ചരിക്കാൻ മിസൈലുകൾക്ക് കഴിയുമെന്നുള്ള ഗുരുതര വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇറാന്റെ ഓർഗനൈസേഷൻ ഫോർ അഡ്വാൻസ്ഡ് ഡിഫൻസ് റിസർച്ച് ആൻഡ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നടത്തുന്ന ഷാരൂദ് മിസൈൽ കേന്ദ്രമാണ് എൻസിആർഐ ആണവായുധ കേന്ദ്രമായി ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവിടെ വികസിപ്പിക്കുന്ന ആണവായുധം മിസൈലിൽ ഘടിപ്പിക്കുമെന്നും ഗ്രീസ് വരെ ഇതിന് എത്താൻ സാധിക്കുമെന്നുമാണ് അവകാശവാദം.
ഷാരൂദ് കേന്ദ്രത്തിൽ ഇറാൻ ഇതിനകം മൂന്ന് തവണയെങ്കിലും റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചിട്ടുണ്ടെന്നും ഉപഗ്രഹ വിക്ഷേപണങ്ങളുടെ ഭാഗമായി റോക്കറ്റ് വിക്ഷേപണങ്ങൾ മറച്ചുവെച്ചിരിക്കുകയാണെന്നും എൻസിആർഐ ആരോപിക്കുന്നുണ്ട്. വരും മാസങ്ങളിൽ കൂടുതൽ നൂതനമായ ഘേം റോക്കറ്റുകൾ പരീക്ഷിക്കാൻ ഐആർജിസി പദ്ധതിയിടുന്നുണ്ടെന്നും പറയുന്നു. ഇറാന്റെ ബഹിരാകാശ പദ്ധതിയുമായും ഖൊമേനി ബഹിരാകാശ വിക്ഷേപണ ടെർമിനൽ സ്ഥാപിക്കുന്നതുമായും ബന്ധിപ്പിച്ചുകൊണ്ട് സെംനാനിലെ പരിപാടി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.