ധനുഷുമായി കൊമ്പുകോര്‍ത്ത നയന്‍താരയ്ക്ക് തിരിച്ചടി ; ഡോക്യുമെന്ററി വിവാദത്തില്‍ ധനുഷ് നല്‍കിയ പകര്‍പ്പവകാശ കേസ് റദ്ദാക്കില്ല

ചെന്നൈ: നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. ധനുഷ് നയന്‍താരയ്ക്കെതിരെ നല്‍കിയ പകര്‍പ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ തടസ്സഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നയന്‍താര, വിഘ്‌നേശ് ശിവന്‍ തുടങ്ങിയവര്‍ പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാരോപിച്ച് നടന്‍ ധനുഷിന്റെ വണ്ടര്‍ബാര്‍ ഫയല്‍ ചെയ്ത കേസ് തള്ളണമെന്ന നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ അപേക്ഷയാണ് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്.

നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ കഴിഞ്ഞ നവംബറിലാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നയന്‍താരയുടെ വിവാഹ വിശേഷങ്ങള്‍ വിവരിക്കുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലില്‍’, ധനുഷ് നിര്‍മിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് വിഡിയോ ക്ലിപ്പ് അനുമതിയില്ലാതെ ഉപയോഗിച്ചതാണ് കേസിന് കാരണമായത്. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു നെറ്റ്ഫ്‌ലിക്‌സ് തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയാണ് തള്ളിയത്.

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും അവര്‍ ധരിച്ച വസ്ത്രങ്ങളുടെയും അടക്കം പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നു നടന്‍ ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നയന്‍താരയ്ക്കും നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയ്ക്കുമെതിരെ 10 കോടി രൂപയുടെ പകര്‍പ്പവകാശ കേസാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

വിജയ് സേതുപതിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തിയ നാനും റൗഡി താന്‍ ചിത്രം നയന്‍താരയുടെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനാണ് സംവിധാനം ചെയ്തത്. ധനുഷാണ് ഇതിന്റെ നിര്‍മ്മാണം.

More Stories from this section

family-dental
witywide