
വാഷിംഗ്ടണ്‍ : അധികാരമേറ്റതുമുതല് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ ശരവേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. പലസ്തീന്‍ അനുകൂല നിലപാട് എടുക്കുന്ന വിദ്യാര്‍ത്ഥികളെയും അമേരിക്കയില്‍ നിന്നും നാടുകടത്താന്‍ നടപടികള്‍ കടുപ്പിക്കുന്നുണ്ട് ട്രംപ് ഭരണകൂടം.
എന്നാല്‍ നാടുകടത്തലിന്റെ മാസകണക്കില്‍ ട്രംപിനെക്കാള്‍ കൂടുതല്‍ പേരെ അമേരിക്കയില്‍ നിന്നും പുറത്താക്കിയത് ബൈഡനാണെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് അധികാരമേറ്റ ആദ്യ മാസത്തില്‍ 37,660 പേരെ നാടുകടത്തിയതായി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്ക് സൂചിപ്പിക്കുന്നു. എന്നാല്‍, ഇത് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന മുഴുവന്‍ വര്‍ഷത്തിലെ പ്രതിമാസ ശരാശരിയായ 57,000 നാടുകടത്തലുകളേക്കാള്‍ വളരെ കുറവാണ്.
അതേസമയം, ട്രംപ് അറസ്റ്റുകളും നീക്കം ചെയ്യലുകളും വേഗത്തിലാക്കാന്‍ പുതിയ വഴികള്‍ തുറക്കുന്നതിനാല്‍ വരും മാസങ്ങളില്‍ നാടുകടത്തലുകള്‍ വര്‍ദ്ധിക്കുമെന്നും വിവരമുണ്ട്.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ, ഇക്വഡോര്‍, പെറു, ഇന്ത്യ എന്നിവിടങ്ങളിലേക്ക് നാടുകടത്തല്‍ വിമാനങ്ങള്‍ എത്തി പൗരന്മാരെ തിരിച്ചേല്‍പ്പിച്ചിരുന്നു. ചങ്ങലയ്ക്കിട്ട് കുറ്റവാളികളെപ്പോലെ അവരെ മാതൃരാജ്യത്തേക്ക് എത്തിച്ചത് പല രാജ്യങ്ങളില്‍ നിന്നും യു.എസിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.