സംവിധായകന്‍ ഷാഫി വിടവാങ്ങി, ഒരാഴ്ചയായി അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍, സംസ്‌കാരം ഇന്ന്

കൊച്ചി : സംവിധായകന്‍ ഷാഫി (57) അന്തരിച്ചു. ഒരാഴ്ചയായി അതീവഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പൊതുദര്‍ശനം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ കലൂര്‍ മണപ്പാട്ടിപറമ്പിലെ കൊച്ചിന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും തുടര്‍ന്ന് സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കറുകപ്പള്ളി ജുമാമസ്ജിദില്‍.

ഷാമിലയാണ് ഭാര്യ. അലീന, സല്‍മ എന്നിവര്‍ മക്കളും. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ഷാഫി സംവിധായകനും നടനുമായ റാഫി (റാഫി മെക്കാര്‍ട്ടിന്‍) യുടെ സഹോദരനാണ്. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് അമ്മാവനാണ്.

‘ദില്ലിവാലാ രാജകുമാരന്‍’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ആണ് ഷാഫി സിനിമാ ജീവിതം തുടങ്ങിയത്. ജയറാം നായകനായ ‘വണ്‍മാന്‍ ഷോ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. കല്യാണരാമന്‍ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ചിത്രവും ഷാഫിയിലൂടെ പിറന്നതാണ്.

പുലിവാല്‍ കല്യാണം, ടു കണ്‍ട്രീസ്, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ഷെര്‍ലക്ക് ടോംസ്, ചോക്ലേറ്റ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തമിഴിലും സിനിമ ചെയ്തിരുന്നു. ‘ആനന്ദം പരമാനന്ദം’ ആയിരുന്നു അവസാന ചിത്രം.

More Stories from this section

family-dental
witywide