കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം: കേന്ദ്രകമ്മിറ്റി യോഗം ഇന്നു സമാപിക്കും

കൊല്‍ക്കത്ത: ബിജെപിക്കും ആര്‍എസ്എസിനുമെതിരേ രാജ്യവ്യാപകമായി നടത്തുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ എത്രത്തോളം ഒപ്പംനിര്‍ത്താം എന്നതിനെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം. കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് വ്യത്യസ്തനിലപാടുകള്‍ ഉയര്‍ന്നത്.

ബിജെപിക്കുനേരേ പോരാടുന്നതില്‍ കോണ്‍ഗ്രസിനെ വിശ്വസിച്ച് ഒപ്പംചേര്‍ക്കാനാവില്ലെന്ന് കേരളത്തില്‍നിന്നുള്ള ചില പ്രതിനിധികള്‍ വാദിച്ചു. പലപ്പോഴും മൃദുഹിന്ദുത്വമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇടതുകക്ഷികളുടെ ഐക്യനിരയിലൂടെ പ്രതിരോധംതീര്‍ക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, ഇതിനെ ഖണ്ഡിച്ചു സംസാരിച്ച പശ്ചിമബംഗാളില്‍നിന്നുള്ള ശ്രീദീപ് ഭട്ടാചാര്യയുള്‍പ്പെടെയുള്ള പ്രതിനിധികള്‍ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ മതേതര ജനാധിപത്യകക്ഷികളെയെല്ലാം ഒപ്പംനിര്‍ത്തണമെന്ന് വാദിച്ചു. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ആവിഷ്‌കരിച്ച രീതിയില്‍നിന്ന് വ്യതിചലിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ബിജെപി നടപ്പാക്കുന്ന സൌജന്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ട്. തൊഴിലില്ലായ്മ എന്ന വലിയ വിഷയത്തേയും ഗുരുതര രാഷ്ട്രീയ വിഷയങ്ങളേയും മറികടക്കാൻ ഇത്തരം സൌജന്യങ്ങൾ കൊണ്ട് ബിജെപിക്ക് കഴിയുന്നുണ്ട് – ബംഗാളിൽ നിന്നുള്ളവർ അഭിപ്രായപ്പെട്ടു.

24ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യുന്ന കേന്ദ്ര കമ്മിറ്റി ഇന്നു അവസാനിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കൾ എല്ലവരും 75 വയസ് എന്ന പ്രായപരിധി പിന്നിടുകയാണ്. ഇതും ഇന്നു ചർച്ചയായേക്കും.

75 വയസ്സ് തികഞ്ഞവര്‍ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിയണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് അംഗീകരിച്ചത്. നിലവിലെ പി.ബി. കോഡിനേറ്റര്‍ കൂടിയായ പ്രകാശ് കാരാട്ട്, മുതിര്‍ന്ന പി.ബി. അംഗങ്ങളായ പിണറായി വിജയന്‍, വൃന്ദാ കാരാട്ട്, മാണിക് സര്‍ക്കാര്‍, സുഭാഷിണി അലി , സുർജ്യകാന്ത മിശ്ര, രാഘവലു, തപൻസെൻ തുടങ്ങിയവരുള്‍പ്പെടെ മാറേണ്ടിവരും.

കേരള മുഖ്യമന്ത്രിയെന്ന പരിഗണനയില്‍ പിണറായി വിജയന് കഴിഞ്ഞതവണ അനുവദിച്ചതുപോലെ ഇളവ് ഇത്തവണയും നല്‍കാനുള്ള സാധ്യതയുണ്ട്. അദ്ദേഹമാകും ഇക്കാര്യത്തില്‍ അന്തിമനിലപാടെടുക്കുക. മറ്റുള്ളവരെ പ്രവര്‍ത്തനപാരമ്പര്യവും അനുഭവസമ്പത്തും കണക്കിലെടുത്ത് കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാക്കളായി നിലനിര്‍ത്തിയേക്കും.

Dispute within CPM over keeping Congress on board Central Committee to conclude today

More Stories from this section

family-dental
witywide