
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ആശങ്കപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. തന്റെ വധശിക്ഷ നടപ്പിലാക്കാന്‍ ഒരുക്കം തുടങ്ങിയെന്ന് സംശയിക്കുന്ന ശബ്ദസന്ദേശമാണ് നിമിഷ പ്രിയ പങ്കുവെച്ചിരിക്കുന്നത്. വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്നു പറയുന്ന നിമിഷ പ്രിയയുടെ ശബ്ദസന്ദേശം സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ലഭിച്ചത്.
വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവ് ജയിലില്‍ ലഭിച്ചെന്നുമാണ് സന്ദേശം.ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നതെന്നാണ് ജയന്‍ ഇടപാള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വിശ്വാസം. ഇറാൻ അടക്കം വിഷയത്തിൽ ഇടപെടലുകൾ നടത്തുന്നതിനിടെയാണ് ആശങ്കപെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.