‘ഇന്ത്യ തീരുവ വെട്ടിക്കുറക്കും’, ട്രംപ് അങ്ങ് പ്രഖ്യാപിച്ചു! ട്രംപിന് മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്ന വിമർശനം ശക്തമായി; മറുപടിയുമായി കേന്ദ്രം

ന്യൂയോർക്ക്: ലോകം ഒന്നടങ്കം ശ്രദ്ധിച്ച പ്രഖ്യാപനമായിരുന്നു ‘അമേരിക്കക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറക്കും’ എന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് നടത്തിയത്. ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്ന വിമർശനങ്ങളും ഇതോടെ ശക്തമായിരുന്നു. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് അടക്കം മോദി സർക്കാരിനെതിരെ അതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഇതിനുള്ള മറുപടിയുമായി ഇപ്പോൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വിക്രം മിസ്രി രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ തുടരുകയാണെന്നാണ് വിദേശകാര്യ വക്താവ് പറഞ്ഞത്. ഇക്കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും വിക്രം മിശ്രി വിവരിച്ചു.

ചില പ്രത്യേക മേഖലകൾ ചർച്ചയായി വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വിടാറായിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. യു എ ഇ, ഓസ്ട്രേലിയ അടക്കം രാജ്യങ്ങൾക്ക് തീരുവ കുറച്ചു നൽകിയിട്ടുണ്ട്. പല രാജ്യങ്ങളുമായും വ്യാപാര കരാറിനു ശ്രമിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ വേണം അമേരിക്കയുമായുള്ള ചർച്ചകളെ കാണാനെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വിവരിച്ചു.

ഇന്ത്യയുടെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ദിവസങ്ങളായി വാഷിങ്‌ടണിൽ ആയിരുന്നു. യു.എസ്. വാണിജ്യ സെക്രട്ടറി ഹവാഡ് ലട്‌നിക്കുമായും വാണിജ്യ പ്രതിനിധി ജാമീസൺ ഗ്രീയറുമായും ഗോയൽ ചർച്ച നടത്തി. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നടത്തിയ ചർച്ചയിൽ ഒരു സമഗ്ര ഉഭയകക്ഷി വാണിജ്യ ഉടമ്പടി (ബി.ടി.എ.) ഉണ്ടാക്കാൻ ധാരണയായിരുന്നു. അതേപ്പറ്റി വിശദ ചർച്ചകൾ നടത്തി എന്നു മാത്രമാണ് ഗോയലിന്റെ ചർച്ചയെപ്പറ്റി ഇന്ത്യ പറഞ്ഞിട്ടുള്ളത്. എന്നാൽ, വെള്ളിയാഴ്ച ട്രംപും ലട്‌നിക്കും പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത് മറ്റു ചില കാര്യങ്ങളാണ്. അത് ഇതാണ്: യു.എസ്. ഉത്‌പന്നങ്ങളുടെ ചുങ്കം വെട്ടിക്കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചു, വാണിജ്യ ഉടമ്പടിയിൽ കാർഷികോത്പന്നങ്ങളും പെടും, റഷ്യയിൽനിന്നുള്ള പ്രതിരോധ ഇറക്കുമതി കുറച്ചേക്കും.

ഇന്ത്യക്കെതിരായ നടപടികൾ ഏപ്രിൽ രണ്ടിലേക്കു വച്ചിരിക്കുന്നു എന്നാണ്‌ ട്രംപ് പറയുന്നത്. അന്നാണ്‌ ബദൽ തീരുവ നടപ്പിലാക്കുന്നത്. ഈ ഭീഷണിയെ തുടർന്നാണ് ഗോയൽ ചർച്ചയ്ക്കുപോയത്. പ്രതീക്ഷിച്ച ആശ്വാസ തീരുമാനമൊന്നും ആ ചർച്ചയിൽ ഉണ്ടായില്ല എന്നാണ് ട്രംപും ലട്‌നിക്കും പറഞ്ഞുവച്ചതിൽ നിന്നു മനസ്സിലാകുന്നത്.

More Stories from this section

family-dental
witywide