
ദോഹ: വമ്പൻ നിക്ഷേപ കരാറുകളിൽ ഒപ്പുവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മേയ് 13 മുതൽ 16 വരെ ഗൾഫ് പര്യടനം നടത്തും. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളാണ് യുഎസ് പ്രസിഡന്‍റ് സന്ദർശിക്കുക. യുഎസിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്നതടക്കം സൗദിയുമായി കരാർ ഒപ്പിടുമെന്ന് ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നു. യുഎഇയും ഖത്തറുമായും സമാന കരാറുകൾ ഒപ്പുവയ്ക്കാനുള്ള സാധ്യതയും തേടും. യുഎസ് പ്രസിഡന്‍റായി രണ്ടാം തവണ അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ രണ്ടാമത്തെ വിദേശ യാത്രയാകും ഗൾഫിലേക്ക്. മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്കാണ് ആദ്യ യാത്ര.