
വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ ടെസ്ല ഷോറൂമുകള്‍ വരുന്നുവെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വലിയ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്നതിനാല്‍ ഇലോണ്‍ മസ്‌കിന് ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കാന്‍ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യയില്‍ ടെസ്ല ഫാക്ടറി സ്ഥാപിക്കുന്നതിലൂടെ മസ്‌ക് യുഎസിനോട് അനീതി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിച്ചെങ്കില്‍, അത് കുഴപ്പമില്ല, പക്ഷേ അത് ഞങ്ങള്‍ക്ക് അന്യായമാണ്. ഇത് വളരെ അന്യായമാണ്,’ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോണ്‍ മസ്‌കിന്റെ അരികിലിരുന്ന് ട്രംപ് പറഞ്ഞു. ട്രംപ് അടുത്തിടെ ആവിഷ്‌കരിച്ച പരസ്പര താരിഫ് പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ടെസ്ലയുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തില്‍ ട്രംപ് അഭിപ്രായം പറഞ്ഞത്.
”ലോകത്തിലെ എല്ലാ രാജ്യങ്ങളും നമ്മളെ മുതലെടുക്കുന്നു, അവര്‍ അത് താരിഫുകള്‍ ഉപയോഗിച്ച് ചെയ്യുന്നു. അവര്‍ മസ്‌കിന് ഒരു കാര്‍ വില്‍ക്കുന്നത് അസാധ്യമാക്കുന്നു, ഉദാഹരണത്തിന് ഇന്ത്യ”. ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഈടാക്കുന്നുവെന്നും നമ്മളും അതാണ് തിരികെ ചെയ്യാന്‍ പോകുന്നതെന്നും ട്രംപ് വ്യക്തമാക്കി.
മുംബൈ, ഡല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടി ടെസ്ല ലിങ്ക്ഡ്ഇനില്‍ ജോലി പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തത് ഇതിനകം ശ്രദ്ധേയമാണ്. യുഎസ് യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുവെന്നതിന്റെ സൂചനകൂടിയാണിത്.
മുംബൈയിലെ ബിസിനസ് ഡിസ്ട്രിക്റ്റായ ബികെസിയിലും ന്യൂഡല്‍ഹിയിലെ എയ്റോസിറ്റിയിലും ടെസ്ല ഷോറൂമുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുവെന്നും വിവരമുണ്ട്.