
വാഷിംഗ്ടൺ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യ വട്ടം ഭരണത്തിലുള്ളപ്പോൾ കിം ജോങ് ഉന്നുമായി നിരവധി ചർച്ചകൾ ട്രംപ് നടത്തിയിരുന്നു. അതേസമയം, ഇത്തവണയും ഉത്തര കൊറിയയെ ആണവശക്തി എന്ന് ട്രംപ് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഉത്തര കൊറിയയെ കുറിച്ചും പരാമര്‍ശങ്ങൾ നടത്തിയത്. കിം ജോങ് ഉന്നുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഉത്തരകൊറിയ ഒരു ആണവശക്തിയാണെന്ന കാര്യവും ട്രംപ് ചൂണ്ടിക്കാട്ടി.
റഷ്യയുടേയും ചൈനയുടേയും ആണവശക്തിയെ കുറിച്ചുള്ള ചോദ്യവും ട്രംപിന് നേര്‍ക്ക് വന്നു. നമുക്ക് ആണവായുധങ്ങളുടെ എണ്ണം കുറക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമായിരിക്കും എന്നായിരുന്നു ട്രംപിന്‍റെ മറുപടി. നമുക്ക് ധാരാളം ആയുധങ്ങളുണ്ട്. ശക്തി വളരെ വലുതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാല്‍, ട്രംപ് അധികാരമേൽക്കുന്നതിനു മുമ്പായി കടുത്ത യുഎസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കിയിരുന്നു.