
വാഷിംഗ്ടൺ: 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിന് ശേഷം തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഓവർടൈം ജോലിയെന്ന നിലയിൽ നൽകേണ്ട അലവൻസിന്‍റെ കാര്യത്തിൽ വിചിത്ര മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. നാസയുടെ ജീവനക്കാർ എന്ന നിലയിൽ കേവലം എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനാണ് സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്. എന്നാൽ സാങ്കേതിക തകരാര്‍ മൂലം ഒന്‍പത് മാസം ഇവർ കുടുങ്ങിപ്പോയി. ബഹിരാകാശത്ത് ചെലവിട്ട അധിക ദിവസങ്ങളില്‍ ലഭിക്കേണ്ട ഓവര്‍ടൈം വേതനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ട്രംപ് വിചിത്ര പ്രഖ്യാപനം നടത്തിയത്.
ഓരോ അധിക ദിവസത്തിനും വില്‍മോറിനും സുനിത വില്യംസിനും അഞ്ച് ഡോളര്‍ വീതം അധിക വേതനം ലഭിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. അതായത് ഇരുവര്‍ക്കും 287 അധിക ദിവസങ്ങള്‍ക്കായി 1430 ഡോളര്‍ ലഭിക്കണം. ഈ കാശ് ഞാൻ എന്‍റെ സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് നല്‍കാം എന്നാണ് പറഞ്ഞത്. ‘ഇത്രകുറച്ചാണോ ലഭിക്കുന്നത്, അതെനിക്ക് അറിയില്ലായിരുന്നു, ഈ തുക എന്റെ പോക്കറ്റില്‍ നിന്ന് നല്‍കാം’ – എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഭരണകൂടം നൽകേണ്ട പണം ട്രംപ് സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് നൽകുമെന്ന് പറഞ്ഞത് കേട്ട് വണ്ടറടിച്ചിരിക്കുകയാണ് ഏവരും. സംഭവം യാഥാർത്ഥ്യമാകുന്നത് ഉറ്റുനോക്കുകയാണ് ഏവരും.