ന്യൂയോർക്ക്: നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വലിയ തലവേദനയായിരുന്ന ഹഷ് മണി കേസിൽ ആശ്വാസ വിധി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയ കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിരുന്ന ട്രംപിനെ, ശിക്ഷയിൽ നിന്നും നിരുപാധികം ഒഴിവാക്കി. ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചനാണ് നിയുക്ത പ്രസിഡന്‍റിന് ആശ്വാസമായ വിധി പുറപ്പെടുവിച്ചത്. ട്രംപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞെങ്കിലും ജയിൽശിക്ഷയോ, പിഴയോ കോടതി ശിക്ഷയായി വിധിച്ചില്ല. നിയുക്ത പ്രസിഡന്‍റ് എന്ന പരിഗണന നൽകികൊണ്ടുള്ള വിധിയാണ് ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചത്.
ശിക്ഷ വിധിക്കുന്നത് നീട്ടിവയ്ക്കണമെന്ന ട്രംപിന്‍റെ അഭ്യർത്ഥന തള്ളിക്കൊണ്ടാണ് ന്യൂയോർക്ക് കോടതി ജഡ്ജി, വിധി പുറപ്പെടുവിച്ചത്. നിയമപ്രകാരം 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഹഷ് മണി കേസിൽ ട്രംപിനെതിരെ തെളിഞ്ഞത്. എന്നാൽ നിരുപാധികം വിട്ടയയ്ക്കൽ ‘ശിക്ഷ’ ലഭിച്ചതോടെ ട്രംപിന് അധികാരത്തിലേറാം. പക്ഷേ കുറ്റക്കാരനായ ആദ്യ അമേരിക്കൻ പ്രസിഡന്‍റ് എന്ന വിശേഷണം അദ്ദേഹത്തിന് ചരിത്രത്തിലുണ്ടാകും.
പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്നതാണ് വിവാദമായ ഹഷ് മണി കേസ്. 2006 ലാണ് ട്രംപുമായി സ്റ്റോമിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നത്. ഈ ബന്ധം മറച്ചുവയ്ക്കാനായി 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ട്രംപ്, 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടത്. 2 മാസത്തോളം വിചാരണ നടന്നു. വിചാരണക്കൊടുവിൽ ട്രംപ് കുറ്റക്കാരനാണെന്നായിരുന്നു കോടതി വിധിച്ചത്. പക്ഷേ ഇത്തവണത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ചത് ട്രംപിന് വലിയ ഗുണമായി. ഇതാണ് 4 വർഷത്തെ ജയിൽ ശിക്ഷയിൽ നിന്നും ട്രംപിനെ രക്ഷിച്ചത്. ആ നാല് വർഷം അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനം വഹിക്കാമെന്നതാണ് ട്രംപിന് കിട്ടിയ മെച്ചം.