ഡോ. മാധവ ഭട്ടതിരി(97) അന്തരിച്ചു, പ്രമുഖ ശാസ്ത്രജ്ഞനും അധ്യാപകനും നൊബേൽ പുരസ്കാര ജൂറി അംഗവുമായിരുന്നു

തിരുവനന്തപുരം: മെഡിക്കൽ ബയോകെമിസ്ട്രി രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനും അധ്യാപകനും നൊബേൽ പുരസ്കാര ജൂറി അംഗവുമായിരുന്ന ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. മാധവ ഭട്ടതിരി(97) അന്തരിച്ചു. ഏറെക്കാലമായി തിരുവനന്തപുരത്തായിരുന്നു.

1985-ലെ കെമിസ്ട്രി നൊബേൽ സമ്മാന ജേതാവിനെ നിശ്ചയിക്കാനുള്ള അഞ്ചംഗ ജൂറിയിൽ അംഗമായിരുന്നു ഡോ. മാധവ ഭട്ടതിരി.

പ്രമേഹത്തെക്കുറിച്ചുള്ള പഠനത്തിൽ പിഎച്ച്.ഡി. നേടിയ മാധവ ഭട്ടതിരി, ബയോ കെമിസ്ട്രിയിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ സർവകലാശാലകളിൽ അധ്യാപകനുമായിരുന്നു.

ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ജനിച്ച അദ്ദേഹം, ബിരുദം നേടിയത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്നായിരുന്നു. നൊബേൽ ജേതാക്കളായ ഫ്രെഡറിക് ബാന്റിങ്, ചാൾസ് എച്ച്.ബെസ്റ്റ് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയിലും ഐക്യരാഷ്ട്രസഭയിലും പ്രവർത്തിച്ചിട്ടുണ്ട്. പല വികസ്വരരാഷ്ട്രങ്ങളിലും മെഡിക്കൽ കോളജുകൾ തുടങ്ങാനുള്ള യു.എൻ. ദൗത്യസംഘത്തിലും അംഗമായിരുന്നു.

മാലതി ഭട്ടതിരിയാണ് ഭാര്യ. മക്കൾ: മാധുരി, ഡോ. മനു, ഡോ. മാലിനി. മരുമക്കൾ: ദാമോദരൻ നമ്പൂതിരി, നീന ഭട്ടതിരി, ശ്രീകാന്ത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4-ന് തൈക്കാട് ശാന്തികവാടത്തിൽ.

ബയോകെമിസ്ട്രി രംഗത്ത് ലോകത്തെ മികച്ച ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നു. 1985-ലെ കെമിസ്ട്രി നൊബേൽ സമ്മാനജേതാവിനെ നിശ്ചയിക്കാനുള്ള അഞ്ചംഗ ജൂറിയിൽ അംഗമായിരുന്ന ഡോ. ഭട്ടതിരി, ഇൻസുലിൻ കണ്ടുപിടിച്ച ഫ്രെഡറിക് ബാന്റിങ്, ചാൾസ് എച്ച്.ബെസ്റ്റ് തുടങ്ങിയ നൊബേൽ ജേതാക്കൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

പ്രമേഹത്തെക്കുറിച്ചുള്ള ഉപരിപഠനത്തിന് അമേരിക്കയിലെത്തിയപ്പോൾ നൊബേൽ സമ്മാനജേതാവായിരുന്ന ബെർനാഡോ ഹൊസേയായിരുന്നു വഴികാട്ടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയ അദ്ദേഹം നാഗ്പുർ സർവകലാശാലയിൽനിന്ന് ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. പ്രമേഹപഠനത്തിൽ അവിടെനിന്ന് പിഎച്ച്.ഡി. കരസ്ഥമാക്കിയ ഭട്ടതിരി, 1960-ൽ അമേരിക്കയിലെ ടെക്‌സസ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് കനേഡിയൻ സർക്കാരിന്റെ നാഷണൽ റിസർച്ച് കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിലെ ആജീവാനന്ത അംഗവുമായിരുന്നു. അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലും വിവിധ സർവകലാശാലകളിൽ അധ്യാപകനായി ഏറെക്കാലം സേവനമനുഷ്ഠിച്ചു. ലോകത്തെ പ്രമുഖ സർവകലാശാലകളിലും വിസിറ്റിങ് ഫാക്കൽറ്റിയുമായിരുന്നു.

ഔദ്യോഗികരംഗത്തുനിന്നു വിരമിച്ചശേഷം തിരുവനന്തപുരത്ത് പൈപ്പിൻമൂടാണ് താമസിച്ചിരുന്നത്. കഴിഞ്ഞവർഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. ഭട്ടതിരിയെ രാജ്ഭവനിലേക്കു ക്ഷണിച്ച് ആദരിച്ചിരുന്നു.

Dr. Madhava Bhattathiri prominent scientist Nobel Prize jury member passes away

More Stories from this section

family-dental
witywide