
അരിസോണ : ഫോമയുടെ 2026-2028 കാലയളവിലേക്കുള്ള ഭരണ സമിതിയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി അരിസോണയിലെ പ്രശസ്ത ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും കലാകാരിയുമായ ഡോക്ടര്‍ മഞ്ജു പിള്ളയെ അരിസോണ മലയാളി അസോസിയേഷന്‍ ബോര്‍ഡ് നാമനിര്‍ദേശം ചെയ്തു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അരിസോണ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമാണ് ഡോക്ടര്‍ മഞ്ജു. ഇപ്പോഴത്തെ ഫോമാ വിമെന്‍സ് ഫോറത്തിന്റെ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ആയി സ്തുത്യര്‍ഹമായ സേവനമാണ് മഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ഏല്‍പിച്ച ഏതു ദൗത്യവും ദീര്‍ഘവീക്ഷണത്തോടെയും നിറഞ്ഞ ഉത്തരവാദിത്തത്തോടെയും പൂര്‍ത്തീകരിക്കുവാനുള്ള മഞ്ജുവിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. അരിസോണ മലയാളീ അസോസിയേഷന്റെ നിരവധി നേതൃ പദവികള്‍ വഹിച്ചിട്ടുള്ള മഞ്ജു ഇപ്പോള്‍ അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. അതോടൊപ്പം AKMG (Association of Kerala Medical Graduates), KHNA (Kerala Hindus of North America) എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മഞ്ജു വളരെ സജീവമാണ്.
കോവിഡ് മഹാമാരി കാലത്ത് നാഷണല്‍ ഹെല്‍പ്ലൈനിന്റെയും ഫോമാ വെസ്റ്റേണ്‍ റീജിയണന്റെയും അരിസോണ മലയാളി അസോസിയേഷന്റെയും മെഡിക്കല്‍ ഫോറം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ മഞ്ജു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് ഒറ്റപ്പെട്ടുപോയ പ്രായമായ നിരവധി അച്ഛനമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും മഞ്ജുവിന്റെ നിസ്വാര്‍ത്ഥ സേവനം ഒരു കൈത്താങ്ങായിരുന്നു. സ്വന്തം ആരോഗ്യം പോലും വകവെക്കാതെ നിരവധി മണിക്കൂറുകള്‍ മലയാളി സമൂഹത്തിനായി ഉഴിഞ്ഞു വച്ചു. അതോടൊപ്പം, ഒരു സെര്‍ട്ടിഫൈഡ് സൂംബ ട്രെയിനര്‍ ആയ മഞ്ജു, സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ഉണര്‍വിനു വേണ്ടി നിരവധി വിര്‍ച്യുല്‍ സൂംബ ക്ലാസുകള്‍ നടത്തി.
കൃഷി കാര്യങ്ങളില്‍ അതീവ തല്പരയായ മഞ്ജു അരിസോണ മലയാളീ അസോസിയേഷന്‍ സംഘടിപ്പിച്ച കൃഷിപാഠം പരിപാടിയുടെ ഒരു പ്രധാന സംഘാടക ആയിരുന്നു. ആരോഗ്യ സംരക്ഷണത്തെയും പരിപാലനത്തെയും ആധാരമാക്കി നിരവധി ക്ലാസുകള്‍ മഞ്ജു സംഘടിപ്പിച്ചിട്ടുണ്ട്.
മികച്ച നര്‍ത്തകിയും അഭിനേത്രിയുമായ ഡോക്ടര്‍ മഞ്ജു നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ നൂതനമായ ആശയങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ മഞ്ജുവിന്റെ ഭര്‍ത്താവ് മഹേഷ്, ഇന്റെലില്‍ എഞ്ചിനീയറിംഗ് മാനേജര്‍ ആയി ജോലി ചെയ്യുന്നു. മൂത്ത മകള്‍ വൈഷ്ണവിയും ഇളയ മകള്‍ ജാഹ്നവിയും കോളേജ് വിദ്യാര്‍ത്ഥിനികള്‍ ആണ്.
ജാതി, മത, ഭാഷാ ചിന്തകള്‍ക്കതീതമായി ഏവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള മഞ്ജുവിന്റെ നേതൃപാടവം അമേരിക്കന്‍ മലയാളി സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. കര്‍മ്മ മണ്ഡലത്തിലെല്ലാം കഴിവ് തെളിയിച്ച ഡോക്ടര്‍ മഞ്ജുവിനെ പിന്തുണയ്ക്കാന്‍ ഫോമയിലെ എല്ലാ മലയാളി സംഘടനകളോടും അരിസോണ മലയാളീ അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.