കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ട: പ്രതി ആകാശ് റിമാൻഡിൽ, മൂന്ന് വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തു

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക്ക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തെക്കാണ് ആകാശിനെ റിമാൻഡ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അതിനിടെ കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ പോളിടെക്നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.

More Stories from this section

family-dental
witywide