ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിൽ, വിരുന്ന് നൽകി പ്രധാനമന്ത്രി മോദി, കൂടിക്കാഴ്ചയിൽ ‘ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച’

ഡൽഹി: ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടാവകാശിക്ക് ഉച്ചവിരുന്ന് നൽകി. ശേഷം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ദുബൈ സുപ്രധാന പങ്ക് വഹിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം മോദി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഈ സന്ദർശനം ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കുകയും ഭാവിയിൽ കൂടുതൽ ശക്തമായ സഹകരണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് ദുബൈ കിരീടാവകാശിയെ സ്വീകരിച്ചത്. ദുബൈ കിരീടാവകാശിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഒരു ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിപുലമായ സഹകരണത്തെയും ഊർജ്ജസ്വലമായ ബന്ധങ്ങളെയും കുറിച്ചുള്ള കിരീടാവകാശിയുടെ നല്ല ചിന്തകളെ ഡോ. ജയശങ്കർ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.

കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. യുഎഇയുമായുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സഹകരണം, സഹ-നിർമ്മാണ, സഹ-വികസന പദ്ധതികൾ, നവീകരണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വരും വർഷങ്ങളിൽ ഇന്ത്യ യുഎഇയുമായി അടുത്ത സഹകരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യയും യുഎഇയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

More Stories from this section

family-dental
witywide