
പാരീസ്: തീരുവ ചുമത്തി ഭയപ്പെടുത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പോര് കടുപ്പിക്കാൻ യൂറോപ്യൻ യൂണിയൻ. ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ വിശ്വസ്തനായ ഇലോൺ മസ്കിന് വൻ പിഴ ചുമത്തി തിരിച്ചടിക്കൊരുങ്ങുകയാണ് യൂറോപ്യൻ യുണിയൻ. മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിനെതിരെയാണ് ഇയു നടപടി.ഒരു ബില്യൺ ഡോളറാണ് യുറോപ്യൻ യൂണിയൻ പിഴയായി ചുമത്തുകയെന്നാണ് റിപ്പോര്‍ട്ടുകൾ. ഇയുവിന്റെ ഡിജിറ്റൽ സർവീസ് ആക്ട് ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പിഴശിക്ഷക്ക്. ഉടൻ തന്നെ മസ്കിനെതിരെ പിഴ ചുമത്തുമെന്നാണ് റിപ്പോർട്ട്. എന്നാല്‍, ട്രംപിന്‍റെ തീരുവ ചുമത്തലുമായി ഇതിന് ബന്ധമില്ലെന്നാണ് ഇയു അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
പുതു വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വാർത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ യുഎസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യുറോപ്യൻ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ പ്രഖ്യാപിച്ചിരുന്നു.