
ന്യൂഡല്‍ഹി : മ്യാന്‍മറിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,065 ലേക്ക് ഉയര്‍ന്നതായി ഔദ്യോഗിക ടെലിവിഷന്‍ ചാനലായ എംആര്‍ടിവി അറിയിച്ചു. 3900 പേര്‍ക്കു പരുക്കേറ്റതായും 270 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
മാന്‍ഡലെയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഗര്‍ഭിണിയടക്കം 4 പേരെ രക്ഷപെടുത്താനായി. മ്യാന്‍മറില്‍ ഓപ്പറേഷന്‍ ബ്രഹ്‌മയുടെ ഭാഗമായെത്തിയ ഇന്ത്യ സംഘത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദുരന്തമുണ്ടായ മേഖലയില്‍ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന തുടങ്ങി. ആശുപത്രി ഇന്ന് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.
അതോടൊപ്പം തകര്‍ന്ന ബുദ്ധവിഹാരത്തില്‍ കുടുങ്ങിയ 170 ബുദ്ധ സന്യാസിമാരെ രക്ഷപ്പെടുത്താന്‍ എന്‍ഡിആര്‍എഫ് സംഘവും ശ്രമം തുടങ്ങി. 11 നിലയുള്ള 4 കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സ്‌കൈ വില്ല മേഖലയിലും സഹായമെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
അതേസമയം, തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ 12 പേര്‍ മരിച്ചത് ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന വന്‍ കെട്ടിടം തകര്‍ന്നാണ്.