
വാഷിംഗ്ടണ്‍: ലോക വിപണിയെത്തന്നെ പിടിച്ചുകുലുക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘പകരംതീരുവ’യുടെ പോക്ക്. അതിനിടെ മറ്റ് രാജ്യങ്ങള്‍ക്ക് തിരിച്ചടി എന്ന നിലയില്‍ ട്രംപ് തുറന്നുവിട്ട പകരം തീരുവ എന്ന ഭൂതം യുഎസിന് തന്നെ ഭീഷണിയാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
ഭീമമായ തീരുവ യുഎസില്‍ വിലക്കയറ്റമുണ്ടാക്കുമെന്നും സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്നും യുഎസിലെ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോം പവല്‍ വ്യക്തമാക്കിക്കഴിഞ്ഞു. സാമ്പത്തികമാന്ദ്യത്തിന്റെ ശക്തമായ സൂചനകളുണ്ടെന്നാണു വിവിധ ഏജന്‍സികളുടെ പ്രവചനം. ലോക സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം അവസാനം സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങാനുള്ള സാധ്യത ധനകാര്യ സ്ഥാപനമായ ജെപി മോര്‍ഗന്‍ 60% ആയി ഉയര്‍ത്തി.
തീരുവ പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമെന്നോണം ഓഹരി വിപണികളില്‍ കനത്ത ഇടിവു നേരിട്ടിരുന്നു. ട്രംപിന്റെ വിശ്വസ്തനായ ഇലോണ്‍ മസ്‌ക് അടക്കമുള്ള അതിസമ്പന്നരുടെ മൊത്തം മൂല്യത്തില്‍ വമ്പന്‍ ഇടിവാണ് ഉണ്ടായത്.
യുഎസിന്റെ വാര്‍ഷിക ജിഡിപി വളര്‍ച്ചനിരക്കു സംബന്ധിച്ച പ്രവചനം 1.3 % ആയിരുന്നത് 0.3 %ആയും കുറഞ്ഞിട്ടുണ്ട്. യുഎസില്‍ സാമ്പത്തികമാന്ദ്യത്തിനുള്ള സാധ്യത 35 ശതമാനമായാണ് ഉയര്‍ന്നത്.