
കൊച്ചി: മന്ത്രിയായിരുന്ന കാലയളവിൽ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ്സ് നേതാവും തൃപ്പുണ്ണിത്തുറ എം എൽ എയുമായ കെ ബാബുവിനെതിരെ കുരുക്ക് മുറുക്കി ഇ ഡി. കേസിൽ ഇ ഡി ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. 2007 ജൂലായ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കുറ്റപത്രം. കെ ബാബു അനധികൃതമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇ ഡി അന്വേഷണം പൂര്‍ത്തിയാക്കി കൊച്ചി പി എം എല്‍ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നിലവില്‍ എം എല്‍ എയായ കെ ബാബുവിനെതിരെ വിജിലന്‍സ് നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം നടത്തിയത്.കേസുമായി ബന്ധപ്പെട്ട് കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലന്‍സും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഇ ഡി അന്വേഷണത്തിന് എതിരെ നേരത്തെ കെ ബാബു ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചതോടെ കെ ബാബു എം എല്‍ എ വിചാരണ നേരിടേണ്ടിവരും.