
കൊച്ചി: ഫെമ നിയമം ലഘിച്ച് വിദേശത്ത് നിന്ന് പണം സമാഹരിച്ചെന്ന കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറ് മണിക്കൂറോളം നേരം ഇഡി ഇന്ന് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്നും അതിന് മറുപടി പറയേണ്ട ചുമതല എനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും ഗോകുലം ഗോപാലന്‍ വിവരിച്ചു. എന്നാൽ എന്തൊക്കെ വിഷയത്തിലാണ് ഇ ഡി ചോദ്യംചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഫെമ ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്നാണ് ഇ ഡി കഴിഞ്ഞ ദിവസം അറിയിച്ചത്. പിടിച്ചെടുത്ത പണത്തിന്‍റെ ചിത്രങ്ങളടക്കം പങ്കുവച്ചാണ് ഗോകുലം ഗ്രൂപ്പിൽ നടത്തിയ റെയിഡിന്‍റെ വിശദാംശങ്ങൾ ഇഡി പുറത്തുവിട്ടത്. ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രവാസികളില്‍ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. പിന്നീട് ഈ പണം അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്‍ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇ.ഡി അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷന്‍ 3(ബി)യുടെ ലംഘനമാണെന്നും ഇ ഡി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനായി ഗോകുലം ഗോപാലനെ ഇ ഡി വിളിച്ചുവരുത്തിയത്.