8 മണിക്കൂർ ചോദ്യം ചെയ്യൽ, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധമില്ലെന്ന് കെ രാധാകൃഷ്ണൻ, ‘ബാങ്കിൽ സിപിഎമ്മിന് അക്കൗണ്ടില്ല’, ഇഡി വിട്ടയച്ച ശേഷം പ്രതികരണം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ കെ. രാധാകൃഷ്ണനെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി. കരുവന്നൂര്‍ ബാങ്കില്‍ നടന്ന ക്രമക്കേടുമായി ഒരുതരത്തിലുള്ള ബന്ധമില്ലെന്ന് രാധാകൃഷ്ണന്‍ മൊഴി നല്‍കി. കരുവന്നൂര്‍ ബാങ്കില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ടില്ലെന്നും രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാക്കി. 

രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ആറരയോടെയാണ് അവസാനിച്ചത് . കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടന്ന കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷണന്‍. കരുവന്നൂരില്‍ നിന്ന് അനധികൃത ലോണിലൂടെ തട്ടിയെടുത്ത പണത്തിന്‍റെ വിഹിതം സിപിഎം പാര്‍ട്ടി അക്കൗണ്ടുകളിലേക്കെത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് അനധികൃത ലോണുകള്‍ അനുവദിച്ചിരുന്നതെന്ന് ഇഡിക്ക് മൊഴിയും ലഭിച്ചു. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തതത്. ചോദ്യം ചെയ്യലിനപ്പുറം ചില കാര്യങ്ങളില്‍ ഇഡി വ്യക്തത തേടുകയായിരുന്നുവെന്ന് കെ.രാധാകൃഷ്ണന്‍ പ്രതികരിച്ചു. ക്രമക്കേടുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ദിവസങ്ങള്‍ മുന്‍പേ രാധാകൃഷ്ണന്‍ സ്വത്ത് സംബന്ധിച്ച വിവരങ്ങളടക്കം ഇഡിക്ക് കൈമാറിയിരുന്നു. രാധാകൃഷ്ണനെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇഡിയുടെ തീരുമാനം. കേസില്‍ സിപിഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിമാരായ എ.സി. മൊയ്തീന്‍, എം.എം. വര്‍ഗീസ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അന്തിമകുറ്റപത്രവും ഇഡി ഉടന്‍ സമര്‍പ്പിക്കും.

More Stories from this section

family-dental
witywide