
ചെന്നൈ : തമിഴകത്തെ സൂപ്പര്‍ സംവിധായകന്‍ ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രജനികാന്തിനെ നായകനാക്കി ശങ്കര്‍ 2010ല്‍ സംവിധാനം ചെയ്ത യന്തിരന്‍ തന്റെ കഥയുടെ മോഷണമാണെന്ന ആരൂര്‍ തമിഴ്‌നാടന്‍ എന്നയാള്‍ നല്‍കിയ പകര്‍പ്പവകാശ ലംഘന പരാതിയിലാണ് നടപടി. കള്ളപ്പണ നിയമം ചുമത്തിയാണ് ഇ.ഡി. ശങ്കറിനെതിരെ നടപടി സ്വീകരിച്ചത്. 1996ല്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ നിന്ന് കഥ മോഷ്ടിച്ചെന്നാണ് പരാതി.
സിനിമ നിര്‍മ്മിക്കുമ്പോള്‍ കോപ്പിയടി അല്ലെങ്കില്‍ പകര്‍പ്പവകാശ ലംഘനം നടത്തിയതിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) രാജ്യത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഇതാദ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.