ഷഹബാസിന്റെ മരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും; കുട്ടികളുടെ അക്രമ വാസന പഠിക്കാന്‍ ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം : താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും. പൊലീസ് അന്വേഷത്തിന് പുറമെയാണിത്. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അദ്ദേഹം പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഷയം ഏറെ ഗൗരവകരമാണെന്നും കുട്ടികളിലെ അക്രമ വാസനയില്‍ സംസ്ഥാന തല പഠനം നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ പ്രതികരിച്ചു.

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിന് സമീപം വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഷഹബാസിനെ ആക്രമിച്ചവരെന്ന് കരുതുന്ന വിദ്യാര്‍ത്ഥി സംഘത്തിന്റെ സംഭാഷങ്ങള്‍ പുറത്തുവന്നിരുന്നു.

More Stories from this section

family-dental
witywide