
വാഷിംഗ്ടൺ: താരിഫ് ഭീഷണികളിലൂടെ മിക്ക രാജ്യങ്ങൾക്കും യുഎസ് തലവേദനയാകുമ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുരുക്കിലാക്കി മുട്ട വില. പല പ്രതിവിധിയും പരീക്ഷിച്ചെങ്കിലും യുഎസിൽ കുതിച്ചുയരുകയാണ് മുട്ട വില. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് തുടങ്ങിയ വിലക്കയറ്റം ഇപ്പോൾ റെക്കോർഡ് ഉയരത്തിലേക്ക് എത്തിയതോടെ ജനം പ്രതിസന്ധിയിലാണ്. വിലക്കയറ്റത്തിന് പിന്നിൽ വിതരണക്കാരുടെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുകയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്.
ഉയർന്ന വില ഈടാക്കാൻ ഫാം ഉടമകൾ മുട്ടകളുടെ വിതരണം തടഞ്ഞുവച്ചോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ഇക്കൊല്ലം ആദ്യം ഡസന് 4.95 ഡോളറായിരുന്നു (432 രൂപ) മുട്ട വില. ചില നഗരങ്ങളിൽ ഒരു ഡസൻ മുട്ട കിട്ടണമെങ്കിൽ 10 ഡോളർ വരെ കൊടുക്കണം. കൊവിഡിന് മുമ്പ് ഡസന് 1.2 ഡോളറായിരുന്നു.
മുട്ട മോഷണവും വ്യാപകമായിട്ടുണ്ട്. ഫെബ്രുവരിയിൽ പെൻസിൽവേനിയയിലെ ഒരു കടയിലെ ട്രക്കിൽ നിന്ന് മോഷ്ടാക്കൾ കവർന്നത് 40,000 ഡോളർ വിലവരുന്ന 1,00,000 മുട്ടകളാണ്. 2022 മുതൽ പക്ഷിപ്പനി വ്യാപനവും രൂക്ഷമാണ്. കോഴികളും ടർക്കികളും അടക്കം 16.3 കോടി പക്ഷികൾ ചത്തു. കോഴി ഫാമുകൾക്കും കനത്ത നഷ്ടമാണ്. നഷ്ടം നികത്തപ്പെടാൻ ഏതാനും മാസങ്ങൾ കൂടി മുട്ടയ്ക്ക് ഉയർന്ന വില തുടർന്നേക്കുമെന്നാണ് വിവരം. റെസ്റ്റോറന്റുകളിൽ മുട്ട വിഭവങ്ങൾക്കും തീവിലയാണ്.