
വാഷിംഗ്ടണ്‍ : കുറച്ചുനാള്‍ നീണ്ടുനിന്ന പക്ഷിപ്പനി യുഎസിലെ പതിനായിരക്കണക്കിന് കോഴികളുടെ കൂട്ടമരണത്തിലാണ് കലാശിച്ചത്. ഇതോടെ രാജ്യത്ത് മുട്ടയുടെ വിലയില്‍ വലിയ കുതിപ്പുണ്ടായി. വലിയ വിലകൊടുത്ത് മുട്ട വാങ്ങേണ്ടത് ജനങ്ങളിലും രോഷത്തിന് ഇടയാക്കിയിരുന്നു.
ഇതോടെ അധികാരമേറ്റ് ആദ്യ ദിവസം തന്നെ മുട്ട വില കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അധികാരമേറ്റ് രണ്ടുമാസം തികയാറായിട്ടും ഇക്കാര്യത്തില്‍ ട്രംപിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അതുമാത്രമല്ല, മുട്ട വിലയില്‍ 59 ശതമാനം വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തു. പക്ഷിപ്പനിയുടെ കാലത്ത് ഒരു ഡസന്‍ മുട്ടയ്ക്ക് 8 ഡോളറായിരുന്നു വില. ഇത് എക്കാലത്തെയും റിക്കോര്‍ഡ് വിലയായിരുന്നു. മുട്ടവില കുറഞ്ഞിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മാര്‍ക്കറ്റില്‍ മുട്ടയ്ക്ക് ഉയര്‍ന്ന വില തന്നെയാണ് ഈടാക്കുന്നത്.
മുട്ട വില കുറയ്ക്കാനായി കൂടുതല്‍ മുട്ടകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ യുഎസ് തീരുമാനിച്ചതോടെയാണ് ഫിന്‍ലാന്‍ഡുമായി ഉടക്കുന്നത്. മുട്ടവേണമെന്ന യുഎസിന്റെ ആവശ്യം പതിവില്‍ നിന്നും വിരുദ്ധമായി ഫിന്‍ലാന്‍ഡ് നിരസിച്ചു. യുഎസ് വിപണിയിലേക്കുള്ള പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലാത്തതിനാല്‍ ആവശ്യം നിരസിച്ചെന്ന് ഫിന്‍ലാന്‍ഡ് പൌള്‍ഡ്രി അസോസിയേഷന്‍ അറിയിച്ചു. യുഎസിലേക്ക് മുട്ട കയറ്റിയയക്കാന്‍ ഫിന്‍ലാന്‍ഡില്‍ ദേശീയ അംഗീകാരമില്ലാത്തതും കയറ്റുമതിക്ക് തടസമാണ്. മാത്രമല്ല. യുഎസിലെ വിപണയിലേക്ക് ആദ്യമായി കടന്ന് ചെല്ലുമ്പോള്‍ അതിനെ കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും ഫിന്‍ലാന്‍ഡ് പൌള്‍ട്രി അസോസിയേഷന്‍ ഡയറക്ടറായ വീര ലാഹ്തില അറിയിച്ചു. അതുമാത്രവുമല്ല, ഫിന്‍ലാന്‍ഡ് മുട്ട കയറ്റുമതിക്ക് അനുമതി നല്‍കിയാലും അതിനു കഴിയില്ലെന്നും യുഎസിന്റെ പ്രതിസന്ധി പരിഹരിക്കാനുള്ളത്രയും മുട്ടകള്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്നില്ലെന്നും അവര്‍ വിശദമാക്കി.