ട്രംപിന് പണിയായി ഈജിപ്തിന്‍റെ ബദൽ, കയ്യടിച്ച് പാസാക്കി അറബ് ഉച്ചകോടി; ‘ഗാസ ഒഴിപ്പിക്കരുത്, സ്വതന്ത്ര പലസ്തീൻ വേണം’

കെയ്റോ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഗാസ ഏറ്റെടുക്കൽ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതിക്ക് അറബ് ഉച്ചകോടിയുടെ കയ്യടി. ഗാസക്കായുള്ള ഈജിപ്തിന്‍റെ ബദൽ അറബ് രാഷ്ട്രങ്ങളെല്ലാം അംഗീകരിച്ചു. ജനങ്ങളെ കുടിയൊഴിപ്പിക്കാതെയാണ് 5300 കോടി ഡോളറിന്റെ പുനർനിർമ്മാണ പദ്ധതി. യുദ്ധക്കുറ്റങ്ങളിലും ആക്രമണങ്ങളിലും ഇസ്രേലിനെതിരെ ശക്തമായ നിലപാടും കെയ്റോയിൽ അടിയന്തര അറബ് ഉച്ചകോടി പ്രഖ്യാപിച്ചു. പലസ്തീനിൽ പരിഷ്കാരങ്ങൾക്കും തീരുമാനമുണ്ട്.

സ്വതന്ത്ര പലസ്തീൻ മാത്രമാണ് പരിഹാരം. നാലര വർഷം നീളുന്നതാണ് ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി. 4 ലക്ഷം വീടുകൾ നിർമ്മിക്കും. ജനങ്ങളെ ഒഴിപ്പിക്കില്ല. തുടർന്നും വെടിനിർത്തൽ വേണം. ഇസ്രയേൽ സേന പൂർണമായി പിൻവാങ്ങണം. വെസ്റ്റ്ബാങ്ക് ഉൾപ്പടെ പലസ്തീന്റെ ഏതെങ്കിലും ഭാഗം പിടിച്ചെടുക്കാനുള്ള ശ്രമം മേഖലയിൽ പുതിയ സംഘർഷത്തിന് വഴിവെക്കുമെന്ന് മുന്നറിയിപ്പുണ്ട്. അമരിക്കൻ നിലപാടാണ് ഇനി നിർണായകം.

പലസ്തീൻ അതോറിറ്റിക്കുള്ളിൽ പരിഷ്കാരമുണ്ടാകണം. ഉചിതമായ സമയത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തുന്നതിനും അറബ് രാജ്യങ്ങൾ പിന്തുണ നൽകും. ഗാസയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കും. പലസ്തീൻ ജനതയുടെ ഏക പ്രതിനിധിയായി പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനാണ് ഉച്ചകോടി അംഗീകരിച്ചത്. ഒപ്പം പലസ്തീന്റെ ആഭ്യന്തര സുരക്ഷ പലസ്തീന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവാദിത്തമേൽപ്പിക്കപ്പെട്ട അതോറിറ്റി മാത്രമേ അത് കൈകാര്യം ചെയ്യാവൂ എന്നും ഉച്ചകോടി ഓർമ്മിപ്പിച്ചു. പലസ്തീനികൾക്ക് എതിരെ യുദ്ധക്കുറ്റങ്ങളിൽ ഇസ്രയേലിനെതിരെ ശക്തമായ നിലാപാടാണ് ഉച്ചകോടിയുടേത്.

More Stories from this section

family-dental
witywide