
തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞു. ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒരുമയോടെ രുചിക്കൂട്ടുകള്‍ തയ്യാറാക്കിയും പുതു വസ്ത്രങ്ങളണിഞ്ഞും പ്രിയപ്പെട്ടവരെ സന്ദര്‍ശിച്ചും ഇന്ന് ആഘോഷ ദിനമാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഈദ്ഗാഹുകള്‍ നടന്നു. ലഹരി വിരുദ്ധ സന്ദേശവുമായാണ് ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചത്.
ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ഇസ്ലാം വിശ്വാസികള്‍ സഹകരിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി പറഞ്ഞു. ലഹരിയും അക്രമവും വര്‍ദ്ധിച്ചുവരികയാണ്. ഭരണകൂടം ശക്തമായ ക്യാംപെയ്‌നുമായി രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്കൊപ്പം ഇസ്ലാം വിശ്വാസികള്‍ സഹകരിക്കണെമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പാളയം മുസ്ലിം ജമാ അത്ത് സംഘടിപ്പിച്ച ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയന്ത്രിക്കണം. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നത്. മക്കള്‍ക്കെല്ലാം നല്‍കുന്നു. എന്നാല്‍ ക്ഷമ മാത്രം പഠിപ്പിക്കുന്നില്ല. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമം ഭേദഗതിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളുമെല്ലാം. വഖഫുകള്‍ അള്ളാഹുവിന്റെ ധനമാണ്. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമമുള്ളത്. അത് ഭേദഗതി ചെയ്യാനാണ് ശ്രമിക്കുന്നത്. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുര്‍ആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.