സമരം നടത്തുന്നത് ഈര്‍ക്കില്‍ സംഘടന, ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച് എളമരം കരീം, സമരം 17ാം ദിവസത്തിലേക്ക്

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ അനിശ്ചിത കാല സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടന്നു. സമരം നടത്തുന്നത് ഈര്‍ക്കില്‍ സംഘടനയെന്നാണ് എളമരം കരീമിന്റെ പരിഹാസം. മാധ്യമശ്രദ്ധ കിട്ടിയതോടെ സമരക്കാര്‍ക്ക് ഹരമായെന്നും പ്രതിഷേധിക്കേണ്ടത് ഈ രീതിയിലല്ലെന്നും എളമരം കരീം വിമര്‍ശിച്ചു.

അതേസമയം, ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം.) ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തിനെതിരെ ആശമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍.എച്ച്.എമ്മിന്റെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.

തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സി.പി.എം. ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു. മുഖ്യമന്ത്രി കടുംപിടിത്തം ഉപേക്ഷിച്ച് ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും കേരളീയ പൊതുസമൂഹവും കോണ്‍ഗ്രസും ആശവര്‍ക്കര്‍മാരുടെ കൂടെയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സമരത്തിന് നേരെയുള്ള സര്‍ക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവ് കെ.കെ. ശിവരാമനും രംഗത്തെത്തി. പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളവും, സര്‍വ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും വീണ്ടും ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ അതിരാവിലെ മുതല്‍ ഇരുളുവോളം ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ കണ്ണു തുറക്കുന്നില്ലെന്നും അവര്‍ക്കു നേരെ പുലയാട്ട് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് സി.ഐ.ടി.യു അഭിപ്രായപ്പെട്ടു. വേതനം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സെക്രട്ടറിയേറ്റിനുമുന്നിലല്ല, കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നും ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.പി. പ്രേമ പറഞ്ഞിരുന്നു.

Also Read

More Stories from this section

family-dental
witywide