
വാഷിംഗ്ടൺ: നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സഖ്യത്തിൽനിന്നു യുഎസ് പുറത്ത് വരണണമെന്ന് ഡോജ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നൽകുന്നതിന് ഒരു അര്‍ത്ഥവുമില്ലെന്ന് മസ്ക് തുറന്നടിച്ചു. ‘ഇപ്പോൾ തന്നെ നാറ്റോയിൽനിന്നു പുറത്തുകടക്കണം’ എന്ന് എക്സിൽ പ്രചരിച്ച പോസ്റ്റിനു മറുപടിയായി ‘നമ്മൾ തീർച്ചയായും അങ്ങനെ ചെയ്യണം’ എന്നാണ് മസ്ക് മറുപടി കുറിച്ചത്. യുഎസ് ‘നാറ്റോയിൽനിന്നും യുഎന്നിൽനിന്നും പുറത്തിറങ്ങേണ്ട സമയമായി’ എന്നുള്ള പോസ്റ്റിന് മസ്കിന്‍റെ മറുപടി ‘ഞാൻ സമ്മതിക്കുന്നു’ എന്നായിരുന്നു. 32 അംഗ നാറ്റോ സഖ്യം ഏപ്രിലിൽ 76-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങവേയാണു മസ്കിന്റെ പരാമർശമെന്നുള്ളതാണ് ശ്രദ്ധേയം. നാറ്റോ സഖ്യകക്ഷികള്‍ പണം നൽകിയില്ലെങ്കിൽ അവരെ പ്രതിരോധിക്കില്ലെന്നു യുഎസ് പ്രസിഡന്‍റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.