
വാഷിംഗ്ടൺ: യുഎസ് ഫെഡറല്‍ ജീവനക്കാരുടെ ഉറക്കം കളഞ്ഞ് വീണ്ടും ഇലോൺ മസ്കിന്‍റെ കടുത്ത നടപടികൾ. ജോലിയിലെ പ്രകടനമികവ് സംബന്ധിച്ച ഇ മെയിലിനോട് എല്ലാവരും പ്രതികരിക്കണമെന്നും അല്ലെങ്കിൽ ജോലി പോകുമെന്നുമാണ് ട്രംപിന്‍റെ ഉപദേഷ്ടാവായ മസ്കിന്‍റെ ഭീഷണി. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള ലക്ഷ്യവുമായി കടുത്ത നിലപാട് സ്വീകരിക്കാൻ ട്രംപ് മസ്കിനോട് നിര്‍ദേശിച്ചിരുന്നു.
വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് മസ്കിന്‍റെ പുതിയ നടപടി. കഴിഞ്ഞ ആഴ്ച എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ഇ മെയില്‍ എല്ലാ ഫെഡറല്‍ ജീവനക്കാര്‍ക്കും ഉടന്‍ ലഭിക്കും. ഇതിനോട് പ്രതികരിക്കാതിരുന്നാൽ അത് രാജിയായി തന്നെ പരിഗണിക്കുമെന്ന് മസ്‌ക് പറഞ്ഞു.
പ്രകടനമികവുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങളോടാണ് പ്രതികരിക്കേണ്ടത്. നിലവിൽ ഇ മെയിൽ വന്നിട്ടുണ്ട്. ‘കഴിഞ്ഞ ആഴ്ച നിങ്ങള്‍ എന്താണ് ചെയ്തത്?’ എന്ന വിഷയത്തിലുള്ള ഇ മെയിൽ യു എസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റില്‍ (OPM) നിന്നാണ് വന്നത്. മറുപടി നല്‍കാനുള്ള അവസാന തീയതി തിങ്കളാഴ്ച രാത്രി 11:59 ആണ് എന്നാണ് മസ്ക് അറിയിച്ചിട്ടുള്ളത്.