
ന്യൂയോർക്ക് : ” എല്ലാ ഫെഡറൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് 48 മണിക്കൂർ സമയം തരുന്നു. കഴിഞ്ഞ ഒരാഴ്ച തങ്ങൾ എന്താണ് ചെയ്തത് എന്ന് വ്യക്തമാക്കുന്ന മറുപടി വേണം. കുറഞ്ഞത് 5 കാര്യങ്ങൾ എങ്കിലും ആ മറുപടിയിൽ വേണം . എന്നിട്ട് ആ റിപ്പോർട്ടിന്റെ കോപ്പി നിങ്ങളുടെ മാനേജർമാക്ക് അയക്കണം. ഇങ്ങനെ ചെയ്യാത്തവരുടെ നടപടി രാജികത്തായി പരിഗണിച്ച് പിരിച്ചുവിടും. ”
മറുപടി നൽകാനുള്ള അവസാന തീയതി തിങ്കളാഴ്ച രാത്രി 11:59 ആണ്.
ലക്ഷക്കണക്കിന് ഫെഡറൽ തൊഴിലാളികൾക്ക് ഇലോൺ മസ്ക് അയച്ചിരിക്കുന്ന മെയിൽ സന്ദേശത്തിന്റെ ഉള്ളടക്കമാണിത്. സർക്കാരിൻ്റെ ചെലവ് വെട്ടിക്കുറക്കാൻ ട്രംപ് ഏർപ്പെടുത്തിയ ഡോജ് വകുപ്പിന്റെ തലവനാണ് മസ്ക്. കാര്യക്ഷമത ഇല്ലായ്മയ്ക്ക് എതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച മസ്കിൻ്റെ നടപടി മൂലം നിരവധി സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി ഇപ്പോൾ തന്നെ നഷ്ടമായിട്ടുണ്ട്. സർക്കാർ ജോലിയിൽ എല്ലായിടത്തും മാലിന്യം എന്നാണ് മസ്ക് പറയുന്നത്. ആ മാലിന്യം തുടച്ചു നീക്കാനാണ് മസ്കിൻ്റെ ലക്ഷ്യം. മസ്ക് ചെയ്യുന്നതെല്ലാം കണ്ണുംപൂട്ടി ഓകെ പറയുകയാണ് ട്രംപ്.
ട്രംപിന്റെ ഭരണത്തിന്റെ ആദ്യ മാസത്തിൽ തന്നെ നൂറുകണക്കിന് സർക്കാർ ജീവനക്കാരെ ഇതിനകം ഫെഡറൽ വർക്ക് ഫോഴ്‌സിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കുറേ പേർ നിർബന്ധിത റിട്ടയർമെൻ്റ് നേടി പുറത്തു പോയിട്ടുണ്ട്. ഫെഡറൽ ഗ്രാന്റ് ഫണ്ടുകളിലും ട്രില്യൺ കണക്കിന് ഡോളർ മരവിപ്പിച്ചിട്ടുണ്ട്.
വെറ്ററൻസ് അഫയേഴ്‌സ്, പ്രതിരോധം, ആരോഗ്യം, മനുഷ്യ സേവനങ്ങൾ, ഇന്റേണൽ റവന്യൂ സർവീസ്, നാഷണൽ പാർക്ക്സ് സർവീസ് തുടങ്ങിയ വകുപ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്.
വെള്ളിയാഴ്ച ഒരു സമ്മേളനത്തിൽ ഒരു വലിയ അറക്കവാൾ വീശിക്കൊണ്ട് മസ്ക് തൻ്റെ ലക്ഷ്യം ഒന്നു കൂടി പറയാതെ പറഞ്ഞു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിപ്പിക്കുമെന്ന് അദ്ദേഹം തുടക്കം മുതൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശുദ്ധീകരണ കലശത്തിനിടെ എത്ര അമേരിക്കക്കാരുടെ ജീവിതം ദുരിതത്തിലാകുമെന്ന് കണ്ടെറിയേണം.
Elon Musk gives federal workers 48 hours to explain what they did past week