സന്തതിപരമ്പര സൃഷ്ടിക്കാന്‍ ഇലോണ്‍ മസ്‌ക്! തന്റെ കുട്ടികളെ വാടക ഗര്‍ഭത്തിലൂടെ പ്രസവിക്കുന്നവര്‍ക്ക് സാമ്പത്തികമായ സഹായമെന്നും റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സന്തതിപരമ്പര സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

അമ്മമാരെ റിക്രൂട്ട് ചെയ്യുന്നതിന് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്‌സിനെ ഉപയോഗിക്കുന്നുണ്ടെന്നും തന്റെ കുട്ടികളെ വാടക ഗര്‍ഭത്തിലൂടെ പ്രസവിക്കുന്നവര്‍ക്ക് സാമ്പത്തികമായ സഹായമായി വലിയ തുകയാണ് മസ്‌ക് നല്‍കുന്നതതെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, കര്‍ശനമായ രഹസ്യ കരാറുകളിലൂടെയാണ് വാടക അമ്മമാരെ വരുതിയിലാക്കുന്നെതന്നും ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബറില്‍ മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ 26 കാരിയായ ആഷ്ലി സെന്റ് ക്ലെയര്‍, കൂടുതല്‍ കുട്ടികള്‍ക്കായുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മസ്‌ക് നിരവധി സന്ദേശങ്ങള്‍ അയച്ചതായി ജേണലിനോട് വെളിപ്പെടുത്തിയിരുന്നു.

ഒരു സന്ദേശത്തില്‍, ‘എനിക്ക് നിങ്ങളെ വീണ്ടും വിവാഹം കഴിക്കണം’ എന്ന് അദ്ദേഹം എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. ജനന സര്‍ട്ടിഫിക്കറ്റില്‍ മസ്‌കിന്റെ പേര് പരാമര്‍ശിക്കാതിരിക്കുകയും അദ്ദേഹത്തിന്റെ പിതൃത്വം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, 15 മില്യണ്‍ ഡോളറും പ്രതിമാസം 100,000 ഡോളറും പിന്തുണയായി വാഗ്ദാനം ചെയ്തതായി സെന്റ് ക്ലെയര്‍ പറഞ്ഞു. പ്രസവസമയത്ത് മസ്‌കിന്റെ പ്രധാന സഹായിയായ ജാരെഡ് ബിര്‍ച്ചാല്‍ വഴിയാണ് ഈ ഓഫര്‍ ലഭിച്ചത്. എന്നാല്‍, അവര്‍ നിരസിച്ചെങ്കിലും, ഇപ്പോഴും രേഖകളില്‍ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തുനിന്നും മസ്‌കിന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ അവരുടെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചതിനുശേഷം, പിന്തുണ പ്രതിമാസം നല്‍കുന്ന തുക 40,000 ഡോളറായും പിന്നീട് 20,000 ഡോളറായും കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

സെന്റ് ക്ലെയര്‍, സംഗീതജ്ഞ ഗ്രിംസ്, ന്യൂറലിങ്ക് എക്‌സിക്യൂട്ടീവ് ഷിവോണ്‍ സിലിസ്, മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌ക് എന്നീ നാല് സ്ത്രീകളിലായി മസ്‌കിന് 14 കുട്ടികളുണ്ട്. ഇവരിലൊരു കുട്ടി മരണപ്പെട്ടിരുന്നു. അതേസമയം, ഇത് വെറും കണക്ക് മാത്രമാണെന്നും മസ്‌കിന് ഇതില്‍ക്കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സമീപിച്ചതിന് ശേഷം ഒരു ഉന്നത ജാപ്പനീസ് സ്ത്രീക്ക് ബീജം നല്‍കിയതായും ആരോപണമുണ്ട്.

മസ്‌കില്‍ നിന്ന് നാല് കുട്ടികളുള്ള സിലിസിന് ‘പ്രത്യേക പദവി’ ഉണ്ടെന്നും, നയതന്ത്ര അത്താഴങ്ങളും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകളും ഉള്‍പ്പെടെയുള്ള ഉന്നത പരിപാടികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide