മസ്കിന്റെ ഈ പരിപാടിയിൽ ലോകത്തിനാകെ ആശങ്ക! ജനുവരിയിൽ മാത്രം 120 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സ്പേസിൽ നിന്ന് താഴേക്ക് പതിച്ചു, ചോദ്യവുമായി വിദഗ്ധർ

വാഷിംഗ്ടൺ: ഈ വർഷം ജനുവരി മാസം മാത്രം കാലാവധി കഴിഞ്ഞ 120 സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റുകൾ ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. ഭൗമാന്തരീക്ഷത്തിലേക്കുള്ള മടങ്ങിവരവിനിടെ സ്വാഭാവികമായി കത്തിയമർന്ന നിലയിലായിരുന്നു ഇവ. ശാസ്ത്രജ്ഞർക്കും പരിസ്ഥിതപ്രവർത്തകർക്കും കനത്ത ആശങ്ക നൽകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

വലിയ അന്തരീക്ഷ മലിനീകരണമാണ് സ്റ്റാർലിങ്ക് കൃത്രിമ ഉപഗ്രഹങ്ങളുടെ റീ-എൻട്രി സൃഷ്ടിക്കുന്നതെന്നാണ് ഒരേ സ്വരത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനുവരി മാസത്തിൽ ദിവസവും നാലോ അഞ്ചോ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റുകൾ കത്തിയമരുന്ന സാഹചര്യമുണ്ടായതായി ജ്യോതിശാസ്ത്രജ്ഞനായ ജൊനാഥൻ മക്‌ഡോവൽ പറഞ്ഞു. ആദ്യ തലമുറ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റുകളിൽ അഞ്ഞൂറോളം എണ്ണത്തിൻറെ കാലാവധി ഇതിനകം കഴിഞ്ഞിട്ടുണ്ട്. സാധാരണയായി ഇവയെ പുതിയ കൃത്രിമ ഉപഗ്രഹങ്ങൾ അയച്ച് റീപ്ലേസ് ചെയ്യുകയാണ് കമ്പനി ചെയ്യാറുള്ളത്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ശൃംഖലയുടെ മുഖംമിനുക്കിയാണ് ഇലോൺ മസ്ക് മുന്നോട്ട് പോകുന്നത്.അതിനാൽ തന്നെ ഭൗമാന്തരീക്ഷത്തിലേക്ക് സാറ്റ്‌ലൈറ്റുകളുടെ റീ-എൻട്രി ഉറപ്പാണെങ്കിലും പാരിസ്ഥിതിക പ്രത്യാഘാതം വലിയ ആശങ്കയാണ്.

ഉപഗ്രഹങ്ങളുടെ ശിഥിലീകരണം അന്തരീക്ഷത്തിലേക്ക് ലോഹപടലങ്ങൾ പടർത്തുന്നു. ഉപഗ്രഹങ്ങൾ തീപ്പിടിക്കുമ്പോഴുണ്ടാകുന്ന അലുമിനിയം ഓക്സൈഡ് ഓസോൺ പാളിക്ക് വരെ വെല്ലുവിളിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിൽ ഈ ഓക്‌സൈഡിൻറെ അളവ് 2016നും 2022നും ഇടയിൽ എട്ട് മടങ്ങ് വർധിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ, കാലാവധി കഴിഞ്ഞ സാറ്റ്‌ലൈറ്റുകളെ അഗ്നിഗോളമാക്കുന്നത് തുടരും എന്നാണ് സ്പേസ് എക്സ് പ്രതികരിക്കുന്നത്. കാലാവധി തീർന്ന ശേഷം അന്തരീക്ഷത്തിൽ ഒരു ബഹിരാകാശ അവശിഷ്ടവും ബാക്കിവെക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. കൃത്രിമ ഉപഗ്രഹങ്ങൾക്ക് പുറമെ റോക്കറ്റ് വിക്ഷേപണ അവശിഷ്ടങ്ങളും ആകാശത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

More Stories from this section

family-dental
witywide