ജീവനക്കാരന്‍, കണ്‍സള്‍ട്ടന്റ്…നിങ്ങള്‍ക്ക് അദ്ദേഹത്തെ എന്ത് വേണമെങ്കിലും വിളിക്കാം, മസ്‌ക് ആരാണെന്ന ചോദ്യത്തിന് ട്രംപിന്റെ മാസ് മറുപടി

വാഷിംഗ്ടണ്‍: ‘എനിക്ക് ഇലോണ്‍ മസ്‌ക് ഒരു ദേശസ്‌നേഹിയാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഒരു ജീവനക്കാരന്‍ എന്ന് വിളിക്കാം, നിങ്ങള്‍ക്ക് അദ്ദേഹത്തെ ഒരു കണ്‍സള്‍ട്ടന്റ് എന്ന് വിളിക്കാം, ‘നിങ്ങള്‍ക്ക് അദ്ദേഹത്തെ എന്ത് വേണമെങ്കിലും വിളിക്കാം, പക്ഷേ അദ്ദേഹം ഒരു ദേശസ്‌നേഹിയാണ്.’- തന്റെ ചങ്ങാതി ഇലോണ്‍ മസ്‌കിനെക്കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായമാണിത്.

സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന് കരുത്ത് പകരുന്ന ഡോജ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന്റെ പങ്ക് വൈറ്റ് ഹൗസ് ജീവനക്കാരനും പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും ആണെന്നും അദ്ദേഹം ഡോജിന്റെ ജീവനക്കാരനല്ലെന്നും മസ്‌കിന് തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന്റെ റോള്‍ എന്താണെന്ന നിരന്തര ചോദ്യത്തിനുള്ള ഉത്തരംകൂടിയാണിത്.

അതേസമയം, മസ്‌കിനെ ബഹിരാകാശവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. ‘ബഹിരാകാശവുമായി ബന്ധപ്പെട്ട എന്തുതന്നെ കാര്യമായാലും, ഇലോണ്‍ അതില്‍ പങ്കാളിയാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ മാസം ട്രംപ് പ്രസിഡന്റായി രണ്ടാം തവണയും അധികാരമേറ്റതുമുതല്‍ ചിലവുചുരുക്കലിനായി ഡോജും പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ നാടകീയമായ പരിഷ്‌കരണം നടന്നുകൊണ്ടിരിക്കുകയാണ്. മസ്‌കിനാണ് ഈ വെട്ടിക്കുറയ്ക്കലുകളുടെ ചുമതല. അതേസമയം, മസ്‌ക് പ്രതിഫലം കൈപ്പറ്റിയല്ല ഇത് ചെയ്യുന്നതെന്ന് വൈറ്റ്ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide