
കൊച്ചി: പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തി വിവാദങ്ങള്‍ നേരിടുന്ന ബിഗ്ബജറ്റ് ചിത്രം എംപുരാനെതിരെ വീണ്ടും ലേഖനമെഴുതി ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസര്‍. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ എംപുരാന്‍ ഇരുസമുദായങ്ങള്‍ തമ്മിലെ ശത്രുതവളര്‍ത്തുന്ന സിനിമയാണെന്നാണ് വിമര്‍ശനം.
‘എമ്പുരാന്‍ വിവാദം: അപകടകരമായ പ്രവണത’ എന്ന തലക്കെട്ടില്‍ സന്ദീപ് എന്ന പേരിലാണ് ലേഖനം ഓര്‍ഗനൈസറില്‍ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് ലേഖനം വന്നത്.
ചിത്രം സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശമാണ് ആശങ്ക ഉയര്‍ത്തുന്നതെന്നും ഭിന്നിപ്പിക്കുന്ന ആഖ്യാനത്തിലൂടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശത്രുത അപകടകരമാംവിധം വളര്‍ത്തുന്ന സിനിമയാണിതെന്നും ലേഖനം മുദ്രകുത്തുന്നു. ചിത്രത്തിലെ സംഭവങ്ങള്‍ യഥാര്‍ഥ ലോകത്ത് പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കാരണമാവാം. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഏകപക്ഷീയമായ ചിത്രീകരണം മാത്രമല്ല ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ കാരണമെന്ന് പുതിയ ലേഖനത്തില്‍ പറയുന്നു.
പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണം
‘രാജ്യത്തെ പ്രധാന തീവ്രവാദവിരുദ്ധ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ലോഗോ ദുരുപയോഗം ചെയ്തു. തീവ്രവാദികളെ ന്യായീകരിക്കുന്നതും മഹത്വവത്കരിക്കുന്നതുമാണ് ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രം സയ്യിദ് മസൂദിനും മൗലാന മസൂദ് അസറുമായുള്ള സാമ്യം യാദൃച്ഛികമോ അതോ ഗൂഢപദ്ധതിയുടെ ഭാഗമോയെന്ന ചര്‍ച്ച സിനിമ കണ്ടവര്‍ക്കിടയിലുണ്ട്’, ഭീഷ്മപര്‍വം, മുംബൈ പോലീസ് എന്നീ സിനിമകളില്‍ നാവികസേന ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്നു. 2022-ല്‍, കേരള എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തി, കൊക്കെയ്ന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് എന്നിവയുള്‍പ്പെടെ വലിയ അളവില്‍ മയക്കുമരുന്ന് കൈവശം വച്ചതായി കണ്ടെത്തിയ ഒരാളെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായ നുജും സലിം സംസ്ഥാനത്തെ പ്രധാന വിതരണക്കാരില്‍നിന്ന് മയക്കുമരുന്ന് ശേഖരിക്കുന്നുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു’, – ലേഖനം ആരോപിക്കുന്നു.