
മധുര: മധുരയെ ചെങ്കടലാക്കിയ മഹാറാലിയോടെ സി പി എമ്മിന്റെ 24ആം പാർട്ടി കോൺഗ്രസിന് സമാപനം. പതിനായിരത്തിലധികം റെഡ് വോളന്റിയർമാർ പങ്കെടുത്ത മാർച്ചോടൊണ് സമാപന സമ്മേളനത്തിന് തുടക്കമായത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങൾ തുടങ്ങിയവർ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്ത സമാപന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എമ്പുരാൻ, വഖഫ് ഓർഗനൈസർ ലേഖനം തുടങ്ങിയ വിഷയങ്ങളിൽ ആർ എസ് എസിനെയും സംഘപരിവാറിനെയും ബി ജെ പിയെയും കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി പിണറായി സംസാരിച്ചത്. ബേബിയാകട്ടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് വിവരിച്ചത്.
പിണറായി പറഞ്ഞത്
മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള ആർഎസ്എസ് ശ്രമം മനസ്സിലാക്കുന്നതിൽ ചിലർ പരാജയപ്പെട്ടെന്ന് പിണറായി വിമർശിച്ചു. വഖഫ് നിയമഭേദഗതി ഒറ്റപ്പെട്ട സംഭവമല്ല, ആസൂത്രിത നീക്കമാണെന്നും പിണറായി വ്യക്തമാക്കി. ഗുജറാത്തിലും യുപിയിലും മുസ്ലിങ്ങളാണ് ആക്രമിക്കപ്പെടുന്നതെങ്കിൽ ഒഡിഷയിലും മധ്യപ്രദേശിലും ക്രിസ്ത്യാനികളാണ് ഇരയാകുന്നത്. ചില പാർടികൾ സംഘപരിവാറിന്റെ പദ്ധതികളെ ന്യായീകരിക്കുമ്പോൾ ചില മതനേതാക്കൾ സംഘപരിവാറിന്റെ വഞ്ചനാപരമായ പദ്ധതികൾ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയാണ്. ആർഎസ്‌എസിന്റെ നീക്കങ്ങൾക്കൊപ്പം നിൽക്കാത്തവരിൽ ശത്രുത വളർത്താനുള്ള തന്ത്രമാണിതെന്ന് ഇവർക്ക് മനസ്സിലാകുന്നില്ല. വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിനുശേഷം ക്രൈസ്തവ സമൂഹത്തെയാണ് സംഘപരിവാർ ലക്ഷ്യം വച്ചിട്ടുള്ളത്. ആർഎസ്എസ് മുഖപത്രം ഓർഗനൈസറിലെ ലേഖനം പിൻവലിച്ചെങ്കിലും അവരുടെ മനസ്സിലിരിപ്പ് കൃത്യമായി അറിയാനായെന്നും പിണറായി പ്രസംഗത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാനെതിരെ സംഘപരിവാർ ആക്രമണം നടക്കുന്നതും മുഖ്യമന്ത്രി ചൂണ്ടികാട്ടി. എമ്പുരാൻ കമ്മ്യൂണിസ്റ്റ് ചിത്രമല്ല, അത് രാഷ്ട്രീയ ചിത്രമല്ല. എന്നിട്ടും സിനിമയിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു. ചില ഭാഗങ്ങൾ കാരണം സിനിമ ആക്രമിക്കപ്പെട്ടു. ഇത് സിനിമയേയും അതിന് വേണ്ടി അധ്വാനിച്ചവരേയും ബാധിക്കും. സിബിഎഫ്സിയെക്കാൾ വലിയ സെൻസർ ബോർഡ് തങ്ങളാണെന്ന് സംഘപരിവാർ ഇതിലൂടെ സ്ഥാപിക്കുന്നതാണ് ഇവിടെ കാണാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം എ ബേബി പറഞ്ഞത്
രാജ്യത്താകമാനം പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ഇടത് ഭരണത്തിലൂടെയാണ് കേരളം ഇന്ന് കാണുന്ന നിലയിലെത്തിയത്. ബംഗാളിലെയും ത്രിപുരയിലെയും പാർട്ടിപ്രവർത്തകർക്ക് കടുത്ത ആക്രമണമാണ് നേരിടേണ്ടി വരുന്നത്. 24 -ാം പാർട്ടി കോൺഗ്രസ്സ് പുതിയ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്നും മെയ് 20 ന്‍റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും ബേബി ആഹ്വാനം ചെയ്തു.