
ന്യൂഡല്‍ഹി : നാളെ പുലര്‍ച്ചെ ആകാശത്ത് നോക്കുന്നവര്‍ക്ക് ഒരു വിസ്മയം കാണാം. ‘പിങ്ക് മൂണ്‍’ എന്നറിയപ്പെടുന്ന ഏറെ പ്രത്യേകതയുള്ള പൂര്‍ണ്ണചന്ദ്രനെയാണ് വാനനിരീക്ഷക പ്രേമികളെ കാത്തിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രിക്ക് ശേഷം കാണാനാകുന്നത് വസന്തത്തിലെ ആദ്യ പൂര്‍ണചന്ദ്രനെയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിനാണ് പിങ്ക് മൂണ്‍ ഇന്ത്യയില്‍ കാണാന്‍ കഴിയുക.
ഈ വര്‍ഷം കാണപ്പെടുന്ന പിങ്ക് മൂണ്‍ ഒരു ‘മൈക്രോ മൂണ്‍’ ആയതിനാല്‍, പതിവിലേക്കാള്‍ ചെറുതും തിളക്കം കുറഞ്ഞുമായിരിക്കും ദൃശ്യമാകുക. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ ആയിരിക്കുമ്പോഴാണ് മൈക്രോമൂണ്‍ പ്രതിഭാസം സംഭവിക്കുന്നത്. ഈ പൂര്‍ണ്ണ ചന്ദ്രന് ബ്രേക്കിംഗ് ഐസ് മൂണ്‍, മൂണ്‍ വെന്‍ ദ ഗീസ് ലേ എഗ്‌സ്, മൂണ്‍ വെന്‍ ദ ഡക്ക്‌സ് കം ബാക്ക്, ഫ്രോഗ് മൂണ്‍ തുടങ്ങിയ പേരുകള്‍ കൂടിയുണ്ട്.
അതേസമയം, പേരില്‍ പിങ്ക് ഉണ്ടെങ്കിലും ഇന്നത്തെ ചന്ദ്രന് പിങ്ക് നിറം ഉണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്. കിഴക്കന്‍ വടക്കേ അമേരിക്കയില്‍ വസന്തത്തില്‍ പൂക്കുന്ന പിങ്ക് പൂവായ ക്രീപ്പിംഗ് ഫ്‌ലോക്സിന്റെ പേരിലാണ് ഏപ്രിലിലെ പൂര്‍ണ്ണ ചന്ദ്രന്‍ അറിയപ്പെടുന്നത്.