
ന്യൂയോർക്ക്: റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കുന്നതിനായി കാത്തിരിക്കുകയാണ് ലോകം. വിവിധ ലോക രാജ്യങ്ങൾ റഷ്യയോടും യുക്രൈനോടും ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടുമുണ്ട്. കൂട്ടായ പരിശ്രമമാണ് യുദ്ധമൊഴിവാക്കാൻ വേണ്ടതെന്നാണ് ലോകരാജ്യങ്ങളുടെ അഭിപ്രായം. എന്നാൽ ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് ശേഷം അമേരിക്ക ഇക്കാര്യത്തിൽ ഏകപക്ഷീയമായ നീക്കമാണ് നടത്തുന്നത്. സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചു. പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം നാളെ ചേരുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ വിളിച്ചു ചേർത്ത ഉച്ചകോടിയിൽ ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളുടെ തലവന്മാരും നാറ്റോ സെക്രട്ടറി ജനറലും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.