
പാരീസ്: യുഎസിന് ഇറക്കുമതി തീരുവ ചുമത്താനുള്ള നീക്കവുമായി യൂറോപ്യൻ യൂണിയൻ. അടുത്ത മാസം മുതൽ 26 ബില്യൺ യൂറോ (28.33 ബില്യൺ ഡോളർ) മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തിയ യുഎസ് തീരുമാനം ഇന്ന് പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ ശക്തമായ തിരിച്ചടി നൽകിയിട്ടുള്ളത്.
ഏപ്രിൽ ഒന്ന് മുതൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നത് പുനരാരംഭിക്കുമെന്നും ഏപ്രിൽ പകുതിയോടെ പുതിയ നടപടികൾ കൈക്കൊള്ളുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. അതേസമയം യുഎസുമായി ചർച്ച ചെയ്യാനും ഇപ്പോഴത്തെ പ്രതിസന്ധിച്ച് പരിഹാരം കാണാനും യൂറോപ്യൻ യൂണിയൻ തയാറാണെന്നും കമ്മീഷൻ സൂചിപ്പിച്ചിട്ടുണ്ട്.
‘രണ്ട് ഘട്ടങ്ങളിലായാണ് യുഎസ് നടപടിക്ക് മറുപടി നൽകുക. ഏപ്രിൽ ഒന്ന് മുതൽ പകരം തീരുവ തുമത്തും. ഏപ്രിൽ 13 മുതൽ പൂർണമായ തീരുമാനം കൈക്കൊള്ളും. ആരോഗ്യകരമായൊരു ചർച്ചയ്ക്ക് ഇപ്പോഴും തയ്യാറാണ്. യുഎസുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രേഡ് കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.