ഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ ‘ജനങ്ങളുടെ ബജറ്റ്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഈ ബജറ്റ് നിക്ഷേപം വർധിപ്പിക്കുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിന് വഴിയൊരുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ആദായനികുതി ഒഴിവാക്കിയത് ചൂണ്ടികാട്ടിയാണ് പ്രധാനമന്ത്രി ബജറ്റിനെ പ്രകീർത്തിച്ചത്. ആദായ നികുതിയിലെ മാറ്റത്തിലൂടെ ജനങ്ങൾക്കുള്ള സമ്പാദ്യം വർധിക്കും. ഇത് വലിയെരു പ്രഖ്യാപനം ആണെന്നും പ്രധാനമന്ത്രി വിവരിച്ചു.
2025ലെ ബഹുമുഖ ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതാക്കിയതിന് മോദി അഭിനന്ദനങ്ങൾ അറിയിച്ചു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെയും കപ്പൽ നിർമ്മാണം, സമുദ്ര വ്യവസായങ്ങളെയും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും ഗുണം ചെയ്യുന്നതാണ് കേന്ദ്ര ബജറ്റെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.