ന്യൂഡൽഹി: ട്രംപിനെതിരെ ഭീഷണിയുമായി കാനേഡിയൻ രാഷ്ട്രീയ നേതാവും ഇന്ത്യൻ വംശജനുമായ ജഗ്മീത് സിംഗ്. മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സഖ്യകക്ഷിയായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവാണ് ജഗ്മീത് സിംഗ്. കാനഡയെ യുഎസിൻ്റെ 51ാം സംസ്ഥാനമാക്കി കൂട്ടിച്ചേർക്കും എന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് എതിരെയാണ് സിങ്ങിൻ്റെ ഭീഷണിയും മുന്നറിയിപ്പും.
സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലാണ് ജഗ്മീത് സിംഗ് തനിക്ക് പറയാനുള്ള കാര്യങ്ങൾ വിളിച്ചു പറഞ്ഞിരിക്കുന്നത്.
I have a message for Donald Trump.
— Jagmeet Singh (@theJagmeetSingh) January 12, 2025
We're good neighbours.
But, if you pick a fight with Canada – there will be a price to pay. pic.twitter.com/o60c4qIyza
, “ഡൊണാൾഡ് ട്രംപിന് എനിക്ക് ഒരു സന്ദേശമുണ്ട്. നമ്മുടെ രാജ്യം (കാനഡ) വിൽപ്പനയ്ക്കുള്ളതല്ല. ഇപ്പോൾ എന്നല്ല, ഒരിക്കലും അല്ല. കാനഡക്കാർ അഭിമാനികളാണ്, അവർ തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നു, അതിനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഇപ്പോൾ, കാട്ടുതീയിൽ യുഎസിലെ ലൊസാഞ്ചലസിൽ വീടുകൾ കത്തിനശിച്ചപ്പോൾ, കനേഡിയൻ അഗ്നിശമന സേനാംഗങ്ങൾ അവിടെ എത്തി. അങ്ങനെയാണ് ഞങ്ങൾ. ഞങ്ങൾ അയൽക്കാരെ പിന്തുണയ്ക്കും. വേണ്ട സമയത്ത് അവർക്കു വേണ്ടി ഓടിയെത്തും.
കാനഡക്ക് മേൽ അധിക തീരുവ ചുമത്തും എന്നാണ് ട്രംപ് പറയുന്നത്. ഞങ്ങളുമായി പോരാട്ടം നടത്താം എന്നു വിചാരിച്ചാൽ അതിനു ട്രംപ് വലിയ വില നൽകേണ്ടി വരും. ഡൊണാൾഡ് ട്രംപ് നമ്മുടെ മേൽ തീരുവ ചുമത്തിയാൽ, അതേ രീതിയിൽ പ്രതികാര തീരുവകൾ ചുമത്തും. പ്രധാനമന്ത്രിയായി മത്സരിക്കുന്ന ഏതൊരാളും അത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” ഇങ്ങനെ പോകുന്നു സിങ്ങിൻ്റെ ഭീഷണികൾ .
പല തവണകളായി ട്രംപ് കാനഡയെ യുഎസിൻ്റെ ഭാഗമാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ട്രൂഡോയെ ഗവർണർ ആക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂഡയുടെ രാജി അടക്കം കാനഡയുടെ രാഷ്ട്രീയ നേതൃത്വം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ കടന്നുകയറ്റം എന്നത് ശ്രദ്ധേയമാണ്.
ജഗ്മീത് സിംഗിൻ്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) ട്രൂഡോയുടെ ലേബർ പാർട്ടിക്കുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്നു കൂടിയാണ് ട്രൂഡോ സർക്കാർ വലിയ പ്രതിസന്ധിയിലായത്.
Ex-Justin Trudeau Ally Jagmeet Singh’s Big Warning for Donald trump