
ചെന്നൈ: തമിഴ്‌നാട് വിരുദു നഗറിലെ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് മരണം. ബൊമ്മൈപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്കനിര്‍മ്മാണശാല എന്ന പേരില്‍ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിര്‍മാണശാലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. പല നിലകളിലായി 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
പടക്ക നിര്‍മ്മാണത്തിനായി രാസവസ്തുക്കള്‍ കലര്‍ത്തുന്ന ജോലിക്കിടെയാണ് സ്‌ഫോടനം നടന്നതെന്ന് സംശയിക്കുന്നു. രാവിലത്തെ ജോലിക്കിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. നാല് മുറികള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല.