
ജറുസലേം: ഇസ്രയേലിലെ മൂന്ന് ബസുകളില്‍ സ്‌ഫോടനം. ഭീകരാക്രമണമെന്നാണ് സംശയം. ടെല്‍ അവീവിന്റെ പ്രാന്ത പ്രദേശമായ ബാത് യാമിലും ഹോളോണിലും നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളില്‍ വ്യാഴാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. രണ്ട് ബസുകളിലെ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയതായും പൊലീസ് വക്താവ് എഎഫ്പിയോട് പറഞ്ഞു. ആളപായമില്ല.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ യോഗം ചേരാനിരിക്കെ, സ്‌ഫോടനങ്ങള്‍ നടത്തിയത് ‘പലസ്തീന്‍ തീവ്രവാദ സംഘടനകള്‍’ ആണെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ആരോപിച്ചു.
അതേസമയം, ഒക്ടോബര്‍ 7ലെ ആക്രമണത്തില്‍ ബന്ദികളാക്കിയവരില്‍ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രയേലിനു കൈമാറിയതിനു പിന്നാലെയാണ് സ്‌ഫോടനങ്ങള്‍.
സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്താനും കൂടുതല്‍ ഇടങ്ങളില്‍ സ്‌ഫോടനം നടക്കാന്‍ ഇടയുണ്ടോ എന്നറിയാനും ബോംബ് നിര്‍മാര്‍ജന സംഘങ്ങള്‍ ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. നിലവില്‍ സ്‌ഫോടനം നടന്ന പ്രദേശങ്ങളിലേക്കെത്തരുതെന്നും ജാഗ്രത പാലിക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. മാത്രമല്ല, രാജ്യത്തുടനീളമുള്ള ബസ് ഡ്രൈവര്‍മാരോട് കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടോയെന്ന് പരിശോധിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച വസ്തുക്കള്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ കണ്ടെത്തിയതിന് സമാനമാണെന്ന് മധ്യ ഇസ്രായേലില്‍ നിന്നുള്ള ഒരു പൊലീസ് പറഞ്ഞു.