
ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ തഹാവൂർ റാണയെ വ്യാഴാഴ്ച ഉച്ചയോടെ ഇന്ത്യയിൽ എത്തിക്കും. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയെന്നും ഇന്ത്യയുടെ കസ്റ്റഡിയിലാണ് റാണയെന്നും അമേരിക്ക സ്ഥിരീകരിച്ചു. അമേരിക്കൻ കസ്റ്റഡിയിൽ നിന്ന് റാണയെ ഇന്ത്യക്ക് കൈമാറിയെന്ന് ജയിൽ അധികൃതരാണ് വ്യക്തമാക്കിയത്. ഇന്ത്യയിലെത്തിച്ചാലുടൻ തിഹാർ ജയിലിലേക്ക് മാറ്റാൻ വേണ്ട നടപടികൾ പൂർത്തിയായിട്ടുണ്ട്. റാണയെ തിരികെ കൊണ്ടുവരുന്നത് മോദി സർക്കാരിന്‍റെ നയതന്ത്ര വിജയമെന്ന് പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. സ്ഫോടനങ്ങൾ നടന്ന കാലത്തെ സർക്കാരുകൾക്ക് റാണയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും അമിത് ഷാ വിമർശിച്ചു.
ഇന്ത്യ അയച്ച പ്രത്യേക വിമാനത്തിലാണ് റാണയെ അമേരിക്കയിൽ നിന്നും കൊണ്ടുവരുന്നത്. തിഹാർ ജയിലിൽ റാണയെ തടവിലാക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നീക്കങ്ങൾ നടക്കുന്നത്.
വിശദ വിവരങ്ങൾ ഇങ്ങനെ
2019 ലാണ് പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നൽകിയത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി. ഡോണൾഡ് ട്രംപ് – നരേന്ദ്ര മോദി കൂടിക്കാഴ്ചയാണ് റാണയെ കൈമാറുന്നതിൽ നിർണായകമായതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ അമേരിക്കയിലെ വിവിധ കോടതികളിൽ അപേക്ഷ നൽകിയിരുന്നു. ഇവ ഓരോന്നായി തള്ളിയതോടെ 2025 ജനുവരി 25 ന് റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ പരമോന്നത കോടതി അനുമതി നൽകി. എൻ ഐ എ അടക്കം വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് റാണയെ കൊണ്ടു വരാൻ യു എസിലെത്തിയത്. ഇന്ത്യയിൽ എത്തിക്കുന്ന റാണ തുടക്കത്തിൽ എൻ ഐ എയുടെ കസ്റ്റഡിയിലായിരിക്കും. 2008 ൽ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ റാണ മുംബൈയിൽ ഉണ്ടായിരുന്നു. റാണ ഇന്ത്യ വിട്ട് ദിവസങ്ങൾക്കുള്ളിലാണ് ഭീകരാക്രമണം നടക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാക്ക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് അമേരിക്കയിൽ അക്രമണങ്ങൾ നടത്താൻ പദ്ധതി ഇടുന്നതിനിടെയാണ് റാണ പിടിയിലാകുന്നത്.