
ന്യൂഡല്‍ഹി : കുംഭമേളയ്ക്കായി പോകുന്നവരുടെ തിരക്കില്‍പ്പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും റെയില്‍വേയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്. 18 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി എന്നിവരാണു വിമര്‍ശനം ഉന്നയിച്ചത്.
രാഹുലിന്റെ വാക്കുകള്‍
”ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. റെയില്‍വേയുടെ പരാജയവും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വികാരതയും എടുത്തുകാണിക്കുന്നതാണ് ഈ അപകടം. പ്രയാഗ്രാജിലേക്കു പോകുന്ന ഭക്തരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, സ്റ്റേഷനില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം”
11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. അന്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ദുരന്തം അങ്ങേയറ്റം ദുഃഖകരമാണെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ സുതാര്യതയും ഉത്തരവാദിത്വവും വേണമെന്നും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കു വേഗം പുറത്തുവിടണമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. പരുക്കേറ്റവര്‍ക്കു ചികിത്സ നല്‍കുന്നതിനും മരിച്ചവരുടെ കുടുംബങ്ങള്‍ക്കു ആശ്വാസം പകരുന്നതിനുമാകണം മുന്‍ഗണന എന്നും ഖര്‍ഗെ എക്‌സില്‍ കുറിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കം ദുഃഖം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു. ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ലഫ്. ഗവര്‍ണര്‍, മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രിയിലെത്തി.
കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി.