
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷക സമരം വീണ്ടും ശക്തമാകുന്നു. സമരം കൂടുതല്‍ വ്യാപിപ്പിക്കാനും ശക്തമാക്കാനുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പത്താം തീയതി രാജ്യവ്യാപകമായി മോദി സര്‍ക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു. ഗ്രാമങ്ങള്‍ തോറും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
പഞ്ചാബിലെ ഖന്നൗരി അതിര്‍ത്തിയില്‍ ശനിയാഴ്ച കര്‍ഷകരുടെ മഹാപഞ്ചായത്ത് പ്രതിഷേധം സംഘടിപ്പിച്ചു. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കാന്‍ നിയമപരമായ ഉറപ്പിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം ശക്തമാക്കുന്നതിനാണ് സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍-പൊളിറ്റിക്കല്‍), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) എന്നിവയുടെ നേതൃത്വത്തില്‍ സമ്മേളനം നടന്നത്.
നവംബര്‍ 26 മുതല്‍ നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ ആരോഗ്യനില വഷളായിട്ടും പഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അദ്ദേഹം വൈകാരികമായ തന്റെ പ്രസംഗത്തില്‍ കര്‍ഷകര്‍ക്കിടയില്‍ ഐക്യത്തിനും സഹിഷ്ണുതയ്ക്കും ആഹ്വാനം ചെയ്തു. തങ്ങള്‍ക്കുവേണ്ടി മാത്രമല്ല, വരും തലമുറകള്‍ക്കും നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.